മുംബൈ: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ ഭക്ഷ്യവിഭവങ്ങൾക്ക് സാധാരണ വില മാത്രമേ ഈടാക്കാവൂവെന്ന് ബോംബൈ ഹൈക്കോടതി. ഈ വിഷയത്തിൽ ഉടൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കി. തിയേറ്ററിൽ സിനിമ കാണാൻ വരുന്നവർ പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവരാൻ പാടില്ലെങ്കിൽ അകത്തും ഭക്ഷണം വിൽക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

മുംബൈ സ്വദേശിയായ ജൈനേന്ദ്ര ബക്സി സംസ്ഥാനത്ത് തിയേറ്ററിലെ ഭക്ഷണ സ്റ്റാളുകളിലെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വിധി. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.എം.കെംകർ, എം.എസ്.കർണിക് എന്നിവരുടേതാണ് ഈ ഉത്തരവ്. പരാതിക്കാരന് വേണ്ടി വാദിച്ച അഡ്വ.ആദിത്യ പ്രതാപ് സിങ്ങിന്റെ എല്ലാ വാദവും കോടതി ശരിവച്ചു.

മൾട്ടിപ്ലക്സ് തിയേറ്ററുകൾക്കകത്ത് ഭക്ഷണവും വെളളവും വിൽക്കുന്നുണ്ട്. എന്നാലിത് ഉയർന്ന വിലയ്ക്കാണെന്ന് അഭിഭാഷകൻ വാദിച്ചു. “ശരിയാണ്. ഞങ്ങളും ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സാധാരണ വിലയ്ക്ക് ഭക്ഷണം വിൽക്കണം,” കോടതി നിലപാട് വ്യക്തമാക്കി.

മൾട്ടി‌പ്ലക്‌സ് തിയേറ്ററുകളിലെ ഫുഡ് സ്റ്റാളുകളിൽ വിലക്കൊളളയ്ക്ക് മൂക്കുകയർ വേണോ?

സിനിമ കാണാൻ എത്തുന്നവർക്ക് ഭക്ഷണവും വെളളവും കൊണ്ടുവരാൻ സാധിക്കില്ലെങ്കിൽ തിയേറ്ററിനകത്തും ഭക്ഷണവും വെളളവും വിൽക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇതോടെ മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന് വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്റെ നില പരുങ്ങലിലായി. സർക്കാർ അഭിഭാഷകൻ ഈ വിഷയത്തിൽ പ്രത്യേക നിയമം കൊണ്ടുവരാമെന്ന് ഉറപ്പുനൽകി.

തിയേറ്ററുകളുടെ നടപടി വയോജനങ്ങളെയാണ് കൂടുതലും ബാധിക്കുന്നതെന്ന് പരാതിക്കാരൻ വാദിച്ചു. “ആരോഗ്യപരമായ കാരണങ്ങളാൽ ഭൂരിഭാഗം പേർക്കും തിയേറ്ററിനകത്ത് വിൽക്കുന്ന ജങ്ക് ഫുഡ് കഴിക്കാൻ സാധിക്കാറില്ല,” അദ്ദേഹം വാദിച്ചു. സുരക്ഷ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തങ്ങൾ പുറത്തുനിന്നുളള വസ്തുക്കൾ അകത്തേക്ക് പ്രവേശിപ്പിക്കാത്തത് എന്നായിരുന്നു തിയേറ്റർ ഉടമകളുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ