ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികൾ എത്തുന്നു. ചൊവ്വാഴ്ച, 16 ശ്രീലങ്കൻ സ്വദേശികൾ ജാഫ്‌ന, മാന്നാർ മേഖലകളിൽ നിന്ന് തമിഴ്‌നാട്ടിലെത്തി. രണ്ടു സംഘങ്ങളായാണ് ഇവർ എത്തിയത്. മൂന്ന് കുട്ടികളുൾപ്പെടെ ആറ് അഭയാർത്ഥികളടങ്ങിയ ആദ്യ സംഘം രാമേശ്വരത്തിന് അടുത്ത് ഒരു ദ്വീപിൽ കുടുങ്ങിയതോടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി തീരത്ത് എത്തിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് മറ്റൊരു പത്തംഗസംഘം എത്തിയത്.
ശ്രീലങ്കയിലെ തൊഴിലില്ലായ്മയും ഭക്ഷണ ദൗർലഭ്യവും മൂലം അഭയാർത്ഥികൾ പലായനം ചെയ്യുകയാണെന്ന് തമിഴ്‌നാട് പോലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലങ്കയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിന്റെ തുടക്കം മാത്രമാകാം ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നത്. രണ്ടായിരത്തോളം അഭയാർഥികൾ വരും ആഴ്ചകളിൽ എത്താൻ സാധ്യതയുണ്ടെന്ന് തമിഴ്‌നാട്ടിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ എത്തിയ ആദ്യ സംഘത്തിൽ ഒരു ദമ്പതികളും അവരുടെ നാല് മാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തമിഴ്‌നാട് പൊലീസ് അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു, ഗജേന്ദ്രൻ (24), ഭാര്യ മേരി ക്ലാരിൻ (22), മകൻ നിജാത്ത് (4 മാസം); ടിയോറി അനിസ്താൻ (28), മക്കളായ മോസസ് (6), എസ്തർ (9) എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞു.
മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും അടങ്ങുന്ന രണ്ടാമത്തെ സംഘത്തിന്റെ പേരുവിവരങ്ങൾ പരിശോധിച്ചുവരികയാണ്. “ആഴ്ചകളോളം ഭക്ഷണത്തിനായി കഷ്ടപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് ആദ്യ സംഘത്തിലുള്ളവർ പൊലീസിനോട് പറഞ്ഞു. ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ അരിച്ചാൽ മുനൈയിലെ നാലാമത്തെ ദ്വീപിൽ തങ്ങളെ ഇറക്കിയ മത്സ്യത്തൊഴിലാളികൾക്ക് 50,000 രൂപ നൽകിയതായി അവർ പറഞ്ഞു. ഭക്ഷ്യ ക്ഷാമം സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം നിരവധിപേർ ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു,” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ദ്വീപിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയ കോസ്റ്റ് ഗാർഡ് ഭക്ഷണം നൽകിയ ശേഷമാണ് പോലീസിന് കൈമാറിയത്. ഇവരെയെല്ലാം രാമേശ്വരത്തിനടുത്തുള്ള മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ഫൈബർ ബോട്ടിലാണ് രണ്ടാമത്തെ സംഘം എത്തിയത്. 21ന് രാത്രി മാന്നാർ തീരത്ത് നിന്ന് പുറപ്പെട്ട ഇവർ യാത്രയ്ക്കായി ആകെ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചതായി പറഞ്ഞു. യാത്രാമധ്യേ ബോട്ടിന് സാങ്കേതിക തകരാർ ഉണ്ടായി, ഒരു ദിവസം മുഴുവൻ അത് ശരിയാക്കാൻ ചെലവഴിച്ച ഇവ രാത്രി ഒമ്പത് മണിയോടെയാണ് രാമേശ്വരത്തെ പാമ്പൻ പാലത്തിന് സമീപം എത്തിയത്” ഉദ്യോഗസ്ഥർ പറഞ്ഞു.
ലങ്കയിൽ നിന്നുള്ള പലായനത്തിന്റെ തുടക്കം മാത്രമാകാമിതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച മാന്നാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ വി എസ് ശിവകരൻ മുന്നറിയിപ്പ് നൽകി.
“എനിക്കറിയാവുന്ന പലരും ശ്രീലങ്ക വിടാൻ പദ്ധതിയിടുന്നുണ്ട്, ചിലർക്ക് ഇന്ത്യയിൽ ബന്ധുക്കളുണ്ട്, ചിലർക്ക് തമിഴ്‌നാട്ടിൽ അറിയുന്നവരുണ്ട്. എല്ലാവർക്കും നാളെയെക്കുറിച്ചുള്ള പരിഭ്രാന്തിയും ഉത്കണ്ഠയുമുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ അരിയുടെ വില കിലോയ്ക്ക് 500 (ശ്രീലങ്ക) രൂപയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇന്ന് ഒരു കിലോ അരിക്ക് 290 രൂപയും പഞ്ചസാര കിലോഗ്രാമിന് 290 രൂപയും 400 ഗ്രാം പാൽപ്പൊടിക്ക് 790 രൂപയുമാണ്,” അദ്ദേഹം പറഞ്ഞു.
ഉദാഹരണത്തിന് പാൽപ്പൊടിയ്ക്ക് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 250 രൂപയാണ് കൂടിയത്. പേപ്പർ ക്ഷാമം കാരണം ശ്രീലങ്കയിലെ സർക്കാർ സ്കൂൾ പരീക്ഷകൾ കഴിഞ്ഞ ആഴ്ച അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
1989ലെ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് ഉണ്ടായത് പോലൊരു പലായന സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2009ൽ അത് അവസാനിച്ച ശേഷമാണ് ഇന്ത്യയിലേക്കുള്ള പലായനത്തിൽ കുറവുണ്ടായത്. പിന്നീട് ലങ്കയിലെ തമിഴർ ബോട്ടുകളിൽ ഇന്ത്യയിലേക്ക് വരുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
തൊഴിലാളിവർഗം പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് രാഷ്ട്രീയ സംഘടനയായ ഈലം പീപ്പിൾസ് റവല്യൂഷണറി ലിബറേഷൻ ഫ്രണ്ട് (ഇപിആർഎൽഎഫ്) നേതാവ് സുരേഷ് പ്രേമചന്ദ്രൻ പറഞ്ഞു. “രാജ്യത്തുടനീളമുള്ള വിലക്കയറ്റം കാരണം നിർമ്മാണ തൊഴിലാളികളും ദിവസ വേതനക്കാരും ബുദ്ധിമുട്ടുകയാണ്. മുൻകാല പലായനം കണക്കിലെടുത്ത്, മാന്നാറിലെയും ജാഫ്നയിലെയും ആളുകൾ ഇന്ത്യയിലെത്താനുള്ള വഴികൾ തേടുന്നുണ്ടാകാം. അതൊരു തുടക്കമായിരിക്കാം. സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നില്ലെങ്കിൽ കൂടുതൽ ആളുകൾ രാജ്യം വിടാൻ സാധ്യതയുണ്ട്, ”അദ്ദേഹം പറഞ്ഞു.
മാർച്ച് 17ന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു. പ്രതിസന്ധി മറികടക്കാൻ ഇന്റർനാഷണൽ മോന്ററി ഫണ്ടിനെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോട്ബയ രാജപക്‌സെ പറഞ്ഞിരുന്നു. ലങ്കയിൽ ഭക്ഷ്യ ക്ഷാമത്തിനും കുത്തനെയുള്ള വിലക്കയറ്റിനുമെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്, ഈ മാസം ആദ്യം കൊളംബോയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയിരുന്നു, ചിലർ പ്രസിഡന്റിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
കാര്യങ്ങൾ സാവധാനം മെച്ചപ്പെടുന്നുണ്ടെന്ന് ചൊവ്വാഴ്ച ശ്രീലങ്കയുടെ നഗരവികസന സംസ്ഥാന മന്ത്രിയും മുമ്പ് രാജ്യത്തിന്റെ തുറമുഖ അതോറിറ്റിയുടെ തലവനും മികച്ച ബിസിനസുകാരനുമായ നലക ഗോദഹേവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“യഥാസമയം നൽകിയ സാമ്പത്തിക സഹായത്തിന് ഞങ്ങൾ ഇന്ത്യയോട് നന്ദിയുള്ളവരാണ്. കൊളംബോ നഗരം പോലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഇന്ധന, വാതക ക്ഷാമം നേരിടുന്നുണ്ടെങ്കിലും വടക്കൻ പ്രദേശങ്ങളും നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളും സ്ഥിതി നല്ലതാണ്. ഉയർന്ന പണപ്പെരുപ്പം കാരണം പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത് എന്നത് ഒരു വസ്തുതയാണ്, ഇതെല്ലാം ഡോളർ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ്, ”അദ്ദേഹം പറഞ്ഞു.
“ചില മേഖലകളെ വളരെ മോശമായി ബാധിക്കുമ്പോൾ, ചിലത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കയറ്റുമതി വ്യവസായത്തിൽ 24 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം ഫലത്തിൽ പൂജ്യമായിരുന്ന ടൂറിസം ഏതാണ്ട് സാധാരണ നിലയിലായി. ഞങ്ങൾ തിരിച്ചുവരുകയാണ്, ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” മന്ത്രി പറഞ്ഞു.
Also Read: ഞങ്ങളുടെ പരമാവധി ശേഷിയായി; ഇനിയും അഭയാർത്ഥികളെ സ്വീകരിക്കാനാവില്ല: വാർസോ ഗവർണർ