പട്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപും എംഎൽഎയായ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയും തമ്മിലുളള വിവാഹച്ചടങ്ങില്‍ ഭക്ഷണത്തിന് തല്ല്. ബിഹാർ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ആഡംബര വിവാഹം. ആർജെഡി ദേശീയ- സംസ്ഥാന നേതാക്കളും മറ്റ് ഉന്നതവ്യക്തികളും വധൂവരന്മാർക്ക് ആശംസകളർപ്പിക്കാനെത്തി. ഗംഭീരമായി നടന്നുകൊണ്ടിരുന്ന ചടങ്ങിനിടെ ഒരു അഭ്യൂഹം പരന്നതാണ് ഭക്ഷണ കലാപത്തിലേക്ക് നയിച്ചത്. വിഐപികള്‍ക്ക് വേണ്ടി പ്രത്യേകം രുചിയുളള ഭക്ഷണമാണ് നല്‍കുന്നതെന്ന വാര്‍ത്ത പരന്നതാണ് പുലിവാലായത്.
ആര്‍ജെഡി പ്രവര്‍ത്തകരും സാധാരണക്കാരായ അതിഥികളും ഈ വാര്‍ത്ത കേട്ട് വിഐപികള്‍ക്ക് ഭക്ഷണം ഒരുക്കിയ സ്ഥലത്തേക്ക് കുതിച്ചെത്തി. പിന്നീട് ഭക്ഷണക്കൊള്ളയും മറ്റ് സാധനസാമഗ്രികള്‍ അടിച്ചുമാറ്റലുമാണ് നടന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ തങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് പരുക്കേറ്റതായും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്ക്കാര് കുതിച്ചെത്തിയതോടെ സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ പൂരപ്പറമ്പായി. പൊട്ടിക്കിടക്കുന്ന പാത്രങ്ങളും തലകുത്തനെ നിര്‍ത്തിയ ടേബിളുമൊക്കെയാണ് പിന്നത്തെ കാഴ്ചയെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ വടികളുമായെത്തി ആളുകളെ നിയന്ത്രിച്ചു.
ഭക്ഷണം വിളമ്പാനെത്തിയ കാറ്ററിങ് സംഘത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ഇവര്‍ ആരോപിച്ചു. തങ്ങളുടെ 2000ത്തിലധികം പാത്രങ്ങള്‍ പൊട്ടിയതായി ഇവര്‍ ആരോപിച്ചു. കൂടാതെ ചില പാത്രങ്ങളും സാധനങ്ങളും കാണാനില്ലെന്നും ഇവര്‍ വ്യക്തമാക്കി. പ്രതീക്ഷിക്കാത്തത്രയും ആള്ക്കാര് വന്നതാണ് പ്രശ്നത്തിന് കാരണമായതെന്ന് കാറ്ററിങ് സംഘം പറഞ്ഞു. 10,000ത്തോളം അതിഥികൾ പങ്കെടുത്ത വിവാഹത്തിൽ ചടങ്ങുകൊഴുപ്പിക്കാൻ 50 കുതിരകളുമുണ്ടായിരുന്നു.
പട്നയിലെ പ്രധാന ഹോട്ടലുകളെല്ലാം വിവാഹത്തിനായി നേരത്തേ ബുക്ക് ചെയ്തിരുന്നു. ബർഹാര എംഎൽഎ സരോജ് യാദവാണ് വധൂവരന്മാർക്ക് അകമ്പടിക്കായി അമ്പതോളം കുതിരകളെത്തിച്ചത്. നൂറിലധികം ഭക്ഷണകേന്ദ്രങ്ങളായിരുന്നു പന്തലിൽ ഒരുക്കിയത്.
കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലു അഞ്ചു ദിവസത്തെ പരോളിലാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ലാലു കൂടുതൽ ആളുകളുമായി ഇടപെട്ടില്ല.