ലക്‌നൗ: വിവാഹ വീട്ടിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച 32 പേരെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് കഴിഞ്ഞ ദിവസം രാത്രി ഈ സംഭവം നടന്നത്.
മൗ ദർവാസ പൊലീസ് സ്റ്റേഷൻ പരിധിയിൽ പഹർപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭക്ഷണത്തിന് ശേഷം ആളുകൾ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട് പരാതി പറഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യവിഷബാധയാണ് അസ്വാസ്ഥ്യത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. അതേസമയം 32 പേരും അപകട നില തരണം ചെയ്തതായാണ് വിവരം.
ഉത്തർപ്രദേശിൽ തന്നെ ബല്ലിയ ജില്ലയിൽ വിവാഹ വീട്ടിൽ നിന്ന് മധുരപലഹാരം കഴിച്ച 40 പേരെ സമാനമായ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.