കോവിഡ് വ്യാപനം രൂക്ഷമാകുന്ന മുംബൈയിൽ പുതിയ അറിയിപ്പുമായി മുംബൈ എയർപോർട്ട് അതോറിറ്റിയും. എയർപോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരിൽ നിന്ന് 1000 രൂപ പിഴയീടാക്കും എന്നാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് എയർപോർട്ട് അതോറിറ്റിയുടെ അറിയിപ്പ്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും എയർപോർട്ടിൽ നിൽക്കുന്നവരുടെ അടുത്ത് നിന്നാണ് പിഴയീടാക്കുക.
രാജ്യത്തിൻറെ പലഭാഗങ്ങളിലും, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ വകുപ്പിന്റെ ഉത്തരവുണ്ടെന്ന് മുംബൈ എയർപോർട്ട് അധികാരികൾ പറഞ്ഞു.
കഴിഞ്ഞ മെയ് മാസം വിമാന സർവിസുകൾ ആരംഭിച്ചത് മുതൽ എയർപോർട്ടിൽ ആളുകൾ കൂടുതൽ വന്ന് പോകുന്ന എല്ലാ സ്ഥലങ്ങളും കൃത്യമായ ഇടവേളകളിൽ സാനിറ്റൈസ് ചെയ്യുന്നുണ്ട്.
Read Also: കോവിഡ്: കേരളം അടക്കമുളള സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകം
കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 49,447 പുതിയ കേസുകളും 277 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ 4,01,172 രോഗികളാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. ഇന്ന് റിപ്പോർട്ട് ചെയ്തതിൽ 9,090 കേസുകൾ മുംബൈയിലാണ്. മൊത്തം 62,187 രോഗികളാണ് ഇപ്പോൾ മുംബൈ നഗരത്തിൽ മാത്രമുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായാൽ ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്‌ഗഡ്, ഛണ്ഡിഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഈ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണവും വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇതു പരിഗണിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബ ഇന്നലെ ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം വിളിച്ചു.