പട്‌ന: കാലിത്തീറ്റ കുംഭകോണ കേസിൽ കുറ്റക്കാരായി തെളിഞ്ഞ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ശിക്ഷാവിധി നാളേയ്ക്ക് മാറ്റിവെച്ചു. കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച രണ്ടാമത്തെ കേസാണിത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു. ഡിസംബർ 23 നാണ് സി ബി ഐ പ്രത്യേക കോടതി ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

സിബിഐ കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മരണത്തെത്തുടർന്നാണ് ശിക്ഷ വിധിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റിയത്. റാഞ്ചിയിലെ പ്രായം കണക്കിലെടുത്ത് ലാലു പ്രസാദിന് ചെറിയ ശിക്ഷ മാത്രമേ നൽകാവൂ എന്നാണ് ലാലുവിന്‍റെ അഭിഭാഷകന്‍റെ വാദം. എന്നാൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍റെ വാദം.

1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. 1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.

കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷിച്ചിരുന്നു. ഈ കേസിൽ സുപ്രീം കോടതിയിൽ നിന്നും ജാമ്യത്തിലാണ് ലാലു. 2003ലാണ് ആദ്യ കേസിൽ ലാലു ശിക്ഷിക്കപ്പെട്ടത്.  ആറ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുളള  കാലിത്തീറ്റ കുംഭകോണ കേസിൽ  ഇനി നാല് കേസുകൾ കൂടി കോടതിയുടെ പരിഗണനയിലാണ്.

Read More: ഇന്ത്യയെ ഞെട്ടിച്ചഅഴിമതി കഥകൾ

1996 ൽ ലാലു പ്രസാദ് യാദവിനെതിരെ ഉയർന്ന അഴിമതിയാണിത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. ഇതിൽ 1991-94 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നു 89 ലക്ഷം രൂപ പിൻവലിച്ചെന്ന കേസിലാണ് ലാലുവിനെ ഇപ്പോൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ദുബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്.

ജഗന്നാഥ് മിശ്രയ്ക്ക് ശേഷം ബീഹാറിലെ മുഖ്യമന്ത്രി പദത്തിലെത്തിയ ലാലു കാലിത്തീറ്റ കുംഭകോണ അഴിമതിയാരോപണത്തെ തുടർന്നാണ് രാജിവെയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ലാലുവിന് പകരം മുഖ്യമന്ത്രിയായത് ഭാര്യ റാബ്‌റി ദേവിയായിരുന്നു.  ഇതും അന്ന് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച രണ്ടാമത്തെ കേസിൽ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ച് പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ