ന്യൂഡല്‍ഹി: ബിഹാറിലെ വിവാദമായ കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു പ്രസാദ് യാദവിനെതിരെ വിധി പുറപ്പെടുവിച്ചത്.ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ച് പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. ശിക്ഷാ വിധി ജനുവരി മൂന്നിന് കോടതി പുറപ്പെടുവിക്കും. കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനുപിന്നാലെ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിധി കേൾക്കുന്നതിനായി ലാലു പ്രസാദ് യാദവ് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു കോടതി പരിസരം. കാലിത്തീറ്റ കുംഭകോണത്തിൽ ആറ്  കേസുകളാണുളളത്. അതിലെ രണ്ടാമത്തെ കേസിലെ വിധിയാണ് ഇന്ന് പറഞ്ഞത്.

Rad More: ഇന്ത്യയെ ഞെട്ടിച്ച വലിയ അഴിമതി കഥകൾ

1996 ൽ ലാലു പ്രസാദ് യാദവിനെതിരെ ഉയർന്ന അഴിമതിയാണിത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. ഇതിൽ 1991-94 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നു 89 ലക്ഷം രൂപ പിൻവലിച്ചെന്ന കേസിലാണ് ലാലുവിനെ ഇന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ധൂബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്. എല്ലാ ജില്ലകളിലും അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് ലാലു പ്രസാദ് യാദവ് പ്രതിരോധത്തിലായി.

ഈ വര്‍ഷം മേയില്‍ കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സിബിഐക്കെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനവും പ്രസക്തമാണ്. “സിബിഐ അതിന്‍റെ വിശ്വാസ്യതയ്ക്കനുസരിച്ച് ഉയരുന്നില്ല” എന്ന് പറഞ്ഞ കോടതി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കേസില്‍ അപ്പീല്‍ പോകുന്നതില്‍ സിബിഐക്ക് ‘ദുസ്സഹമായൊരു മാന്ദ്യം’ ഉണ്ടായിരുന്നു എന്നും വിമര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1990-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook