/indian-express-malayalam/media/media_files/vhiM3wPqjbbpSL8T3WA1.jpg)
നിർമ്മല സീതാരാമൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയിലേക്ക് വലിയ തോതിലുള്ള വിദേശ നിക്ഷേപം ഒഴുകിയെത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റിന് പിന്നാലെ 'ഇന്ത്യൻ എക്‌സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
ബജറ്റിലെ വളർച്ചാ നിരക്ക് യാഥാർത്ഥ്യബോധമുള്ളതാണെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിൽ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നിക്ഷേപവും യുഎസ് ബന്ധവും
കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിലെ പെൻഷൻ ഫണ്ടുകളിലും സോവറിൻ ഫണ്ടുകളിലും വലിയ താൽപ്പര്യമാണ് കാണിക്കുന്നത്. എന്നാൽ വടക്കേ അമേരിക്കയിലെ വലിയ ഫണ്ട് മാനേജർമാർ വിപണിയുടെ ഗതി നിരീക്ഷിക്കുകയായിരുന്നു.
Also Read:കേന്ദ്ര ബജറ്റ് 2026: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ? അറിയാം വിശദമായി
പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം വിപണിയിലും രൂപയുടെ മൂല്യത്തിലും ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് വലിയ തോതിൽ മൂലധനം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വളർച്ചാ നിരക്ക് യാഥാർത്ഥ്യബോധമുള്ളത്
ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്ന 10 ശതമാനം നോമിനൽ ജിഡിപി വളർച്ചാ നിരക്ക് അതിരുകടന്ന പ്രതീക്ഷയല്ല. ഓരോ ബജറ്റിലും താൻ യാഥാർത്ഥ്യബോധത്തോടെയുള്ള കണക്കുകളാണ് അവതരിപ്പിക്കാറുള്ളത്. ലക്ഷ്യമിട്ട കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി നടത്തിപ്പിലെ കൃത്യത
മൂലധന ചെലവ് വർദ്ധിപ്പിച്ചാലും അത് നടപ്പിലാക്കുന്നതിൽ വെല്ലുവിളികളുണ്ടെന്ന വാദം മന്ത്രി തള്ളി. പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ടാണ് പ്രഗതി യോഗങ്ങളിലൂടെ നിരീക്ഷിക്കുന്നത്. ഓരോ മാസവും ജില്ലാ കളക്ടർമാരുമായി നേരിട്ട് സംവദിച്ച് പദ്ധതികൾക്ക് തടസ്സമാകുന്ന കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിയുന്നുണ്ടെന്നും അവർ പറഞ്ഞു.
എഐയും തൊഴിൽ വിപണിയും
നിർമ്മിത ബുദ്ധി തൊഴിലുകൾ ഇല്ലാതാക്കുമെന്ന ആശങ്കയേക്കാൾ, പ്രശ്‌നപരിഹാരത്തിനുള്ള ഒരു ഉപാധിയായി അതിനെ കാണാനാണ് സർക്കാർ ശ്രമിക്കുന്നത്.
കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ എഐ സഹായിക്കും. ഇതിനായി യുവാക്കളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള നൈപുണ്യ വികസന പദ്ധതികൾക്കാണ് ബജറ്റ് ഊന്നൽ നൽകുന്നത്.
സംസ്ഥാനങ്ങളുടെ കടബാധ്യതയും സബ്സിഡിയും
സംസ്ഥാനങ്ങൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി കൃത്യമായി പാലിക്കണമെന്ന് ധനമന്ത്രി ഓർമ്മിപ്പിച്ചു. വരുമാന സ്രോതസ്സില്ലാത്ത വെൽഫെയർ ബോർഡുകൾ ഉണ്ടാക്കി കടമെടുക്കുന്നത് അനുവദിക്കാനാവില്ല.
ഇത്തരം പ്രവണതകൾ വരുംതലമുറയ്ക്ക് വലിയ ബാധ്യതയാകും. ഫ്രീബി നൽകാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങൾ അത് സ്വന്തം ബജറ്റിൽ നിന്ന് കണ്ടെത്തണമെന്നും കടമെടുത്ത പണം ഉപയോഗിച്ച് ഇത് ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
അഗ്രിസ്റ്റാക്ക്
യുപിഐ പോലെ ഇന്ത്യയുടെ അടുത്ത വലിയ ഡിജിറ്റൽ വിപ്ലവം കാർഷിക മേഖലയിലായിരിക്കും. 'അഗ്രിസ്റ്റാക്ക്' വഴി കർഷകരുടെ വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാകുന്നതോടെ വളം സബ്സിഡി അടക്കമുള്ളവ കൂടുതൽ കാര്യക്ഷമമായി വിതരണം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി താൻ ഉടൻ തന്നെ നോർവേയും കാനഡയും സന്ദർശിക്കുമെന്നും നിർമ്മല സീതാരാമൻ അഭിമുഖത്തിൽ അറിയിച്ചു.
Read More:ആഗോള വെല്ലുവിളികൾക്കിടയിൽ ഇന്ത്യ പ്രത്യാശയുടെ കിരണം: രാജ്യസഭയിൽ മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us