ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ എയര്‍ലൈന്‍ സേവനദാതാക്കളായ എയര്‍ ഏഷ്യ യാത്രക്കാര്‍ക്ക് മുന്നില്‍ വന്‍ ഓഫറാണ് തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് അടിസ്ഥാന നിരക്കായ 99 രൂപയ്ക്ക് മുതല്‍ പറക്കാനുള്ള സൗകര്യമാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ഞായറാഴ്ചയായിരുന്നു പ്രഖ്യാപനം.
ജനുവരി 15 മുതല്‍ 31 വരെയാണ് ഈ ആനുകൂല്യം. തിങ്കളാഴ്ച മുതല്‍ 21 വരെ ഇതിനായി ബുക്ക് ചെയ്യാം. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ന്യൂഡല്‍ഹി, പുണെ, റാഞ്ചി എന്നീ നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യ ഈ സ്വപ്ന യാത്രാനിരക്ക് നല്‍കിയിരിക്കുന്നത്.
ഇതിനുപുറമേ ഏഷ്യ-പസഫിക് മേഖയില്‍ വരുന്ന പത്ത് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് 1,499 രൂപ അടിസ്ഥാന നിരക്കില്‍ വിമാനയാത്ര നടത്താനുള്ള ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓക്ലന്‍ഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപുര്‍, മെല്‍ബണ്‍, സിംഗപ്പൂര്‍, സിഡ്നി എന്നീ നഗരങ്ങളില്‍ ഈ ഓഫറില്‍ ഉള്‍പ്പെടും.
എയര്‍ ഏഷ്യയുടെ നെറ്റ്വര്ക്കില് വരുന്ന വിമാന സര്‍വീസുകളിലും ഈ ഓഫര്‍ വരും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ ബെര്‍ഹാദ്, തായ് എയര്‍ ഏഷ്യ, എയര്‍ ഏഷ്യ എക്സ്, ഇന്തോനീഷ്യ എയര്‍ഏഷ്യ എക്സ് എന്നിവയിലും ലഭ്യമാണ്. എയര്‍ഏഷ്യ ഡോട് കോം, എയര്‍ഏഷ്യ മൊബൈല്‍ ആപ് എന്നിവ വഴി ബുക്കിങ് സൗകര്യമുണ്ട്. രാജ്യത്തെ 16 നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യയ്ക്ക് സര്‍വീസുള്ളത്.