ചെന്നൈ: വി.കെ.ശശിലകലയുമായി യുദ്ധ പ്രഖ്യാപനം നടത്തി എഐഎഡിഎംകെയുമായി ഭിന്നിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഇപ്പോൾ ട്വിറ്ററിലാണ് പുലിവാല് പിടിച്ചിരിക്കുന്നത്. തന്റെ ബിജെപി ബന്ധത്തെ കുറിച്ച് എഴുതിയ ട്വീറ്റ് അർത്ഥം മാറിയതാണെന്ന് അദ്ദേഹത്തിന് വീണ്ടും പറയേണ്ടി വന്നു.
കഴിഞ്ഞ ദിവസമാണ് ഒ.പനീർശെൽവം ഡൽഹിയിൽ പ്രധാനമന്ത്രി നരേേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. എഐഎഡിഎംകെ യിൽ നിന്ന് ഒ.പനീർശെൽവം വിഭാഗം ബിജെപിയിൽ ലയിക്കാനൊരുങ്ങുന്നതായ അഭ്യൂഹവും ഇതേ തുടർന്ന് ഉണ്ടായി. എന്നാൽ ഇത് ബിജെപിയും എഐഎഡിഎകെ പനീർശെൽവം വിഭാഗവും തള്ളി.
ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ പനീർശെൽവം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപി യുമായുള്ള രാഷ്ട്രീയ ബന്ധത്തെ കുറിച്ച് ആലോചിക്കുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
We will take a decision on alliance with BJP once local body elections are announced.
— O Panneerselvam (@Panneerselvam_O) May 20, 2017
വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ഒ.പനീർശെൽവം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലേക്ക് എന്ന് സൂചനകളുയർന്നു. ഇതോടെയാണ് താൻ എഴുതിയതിൽ വന്ന പിഴവാണെന്നും ബിജെപിയുമായുള്ള ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വീണ്ടും കുറിപ്പിറക്കി.
We mean that only after the announcement of Local body elections we will think about the Alliance with any political party. https://t.co/G1ZeoV3UBT
— O Panneerselvam (@OfficeOfOPS) May 20, 2017
രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചാ വിഷയമായി ഈ ട്വീറ്റ് മാറിയതോടെയാണ് പനീർശെൽവം വിശദീകരണം നൽകിയത്. “പനീർശെൽവം ബിജെപിയിലേക്ക് പോകുമെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും. ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നെന്നുമാാണ്” രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കിയത്.
വളരെ നേരത്തേ തന്നെ തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ മുന്നണി ബന്ധത്തിന് ബിജെപി ശ്രമിച്ചുകൊണ്ടിരുന്നിരുന്നു. എന്നാൽ പാർടിയുടെ അനിഷേധ്യ നേതാവായിരുന്ന ജെ.ജയലളിത ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. മാറിയ സാഹചര്യത്തിൽ എഐഎഡിഎംകെയുമായി മുന്നണിയുണ്ടാക്കാനായാൽ തമിഴ്നാട്ടിൽ അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇതിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ തമിഴ്നാട്ടിൽ ബിജെപി ആസൂത്രണം ചെയ്യുന്നത്.