ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണെന്ന വാര്‍ത്തകളോട് സ്വന്തം അധികാരങ്ങള്‍ ഒഴിഞ്ഞാണ് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പേരാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനും സ്വതന്ത്രമായി പുതിയ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ് കൂട്ടരാജിയിലൂടെയുള്ള ഐക്യദാര്‍ഢ്യം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെടുകയാണ് യുവ നേതാക്കൾ.
Read Also: രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവ്
രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തന്നെ തുടര്‍ന്ന് അദ്ദേഹത്തിന് താല്പര്യമുള്ളവരെ പുതിയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കൂട്ടരാജിയെന്നാണ് സൂചന. യുവ നേതാക്കളുടെ കൂട്ടരാജി പാര്‍ട്ടി നേതൃത്വത്തെയും മുതിര്‍ന്ന നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപക് ബബാരിയ, ഗോവയില്‍ നിന്നുള്ള ഗിരീഷ് ചോദന്‍കര്‍ (സംസ്ഥാന അധ്യക്ഷന്‍) എന്നിവര്‍ക്കൊപ്പം 300 ഓളം നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും 40 നുള്ളില്‍ പ്രായമുള്ളവരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് എല്ലാവരും ഒരുപോലെ ഉത്തരവാദികളാണെന്നും തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലില്‍ മാത്രം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് നേതാക്കളുടെ വാദം. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഈ രാജി എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
Read Also: മക്കൾക്ക് സീറ്റ് നൽകാനായിരുന്നു താൽപര്യം; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി
ഇന്നലെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് കൂട്ടരാജി ആരംഭിച്ചത്. എഐസിസി സെക്രട്ടറി അനില്‍ കുമാര്‍ ചൗധരി, രാജേഷ് ധര്‍മണി, വിരേന്ദര്‍ സിങ്, ഡല്‍ഹി വര്‍ക്കിങ് പ്രസിഡന്റ് ലിലോദിയ, പൂനം പ്രഭാകര്‍, ഹരിയാന മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുമിത്ര ചൗഹാന്, മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നെറ്റ ഡിസൂസ എന്നിവരാണ് രാജി വച്ചവരില്‍ പ്രമുഖര്‍. യോഗത്തില്‍ പങ്കെടുത്ത 120 ഓളം നേതാക്കള്‍ ഇന്നലെ തന്നെ രാജിവച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസില്‍ പകരക്കാരില്ല എന്നാണ് നേതാക്കളുടെ വാദം. മാത്രമല്ല, രാജി വയ്ക്കരുത് എന്ന് ആവശ്യപ്പെട്ട് രാഹുലിനെ കാണാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
“കഴിഞ്ഞ ദിവസം യുവതുര്‍ക്കികളുടെ ഒരു യോഗം നടന്നു. നേതൃനിരയിലെ ആദ്യ സീറ്റുകളില്‍ ഇരിക്കുന്ന എല്ലാവര്ക്കും തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമുണ്ട്. രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല ഉത്തരവാദിത്തം. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്‍നിരയിലുള്ള എല്ലാവരും രാജിവയ്ക്കണം. ഞാന്‍ അതിനോട് യോജിക്കുന്നു.” രാജിവച്ച നേതാവ് ബബാരിയ പറഞ്ഞു. രാഹുലും ഇങ്ങനെയൊരു അഭിപ്രായം ചില നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് തന്നെയാണ് രാഹുലിന്റെ നിലപാട്. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്ലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാഹുലിന്റെ തീരുമാനം മാറുമോ എന്ന ചോദ്യത്തിന് വര്‍ക്കിങ് കമ്മിറ്റി എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും എന്തും സംഭവിക്കാനാണ് സാധ്യതയെന്നും വീരപ്പ മൊയ്ലി മറുപടി നല്കി.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശതമാനം പോലും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള സാധ്യത കാണുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കുറിച്ച് ആലോചിക്കേണ്ടി വരും. വര്‍ക്കിങ് കമ്മിറ്റി രാഹുലിന്റെ രാജിക്കത്ത് സ്വീകരിക്കുന്നതുവരെ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടന്നുകൊണ്ടിരിക്കുമെന്നും വീരപ്പ മൊയ്ലി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തിരിപ്പിക്കാന് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വിഫലമായി.
Read Also: ലോകം കാത്തിരിക്കുന്ന മത്സരത്തിലേക്ക് വല ചലിപ്പിച്ച് അര്‍ജന്റീന
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാജിയല്ലാത്ത മറ്റ് തീരുമാനങ്ങളൊന്നും തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കുകയായിരുന്നു. രാഹുല്‍ രാജിയിലുറച്ച് നിന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന് എല്ലാ നേതാക്കളും ശ്രമിച്ചു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാഹുലിനെ കൂടാതെ മറ്റൊരാളെ നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗവും രാഹുലിനായി സമ്മര്‍ദം ചെലുത്തി. പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ വെറും 52 സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയുമായി മത്സരിച്ച രാഹുല്‍ ഗാന്ധി പരാജയമേറ്റുവാങ്ങി. അതേസമയം, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook