മുംബെെ: ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്‌കറുടെ മുംബെെയിലെ വീടിനു നേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം. മുംബെെ രാജഗ്രഹയിലെ സ്‌മാരക വീടിനു നേരെയാണ് ആക്രമണം. അക്രമികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ വെെകീട്ടാണ് വീടിനു നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലുകളും മുറ്റത്തെ ചെടിച്ചട്ടികളും തകർന്നു. സെക്യൂരിറ്റി ജീവനക്കാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ലോക്ക്‌ഡൗണ്‍ ആയതിനാൽ മ്യൂസിയത്തിലേക്ക് ഇപ്പോൾ ആരെയും പ്രവേശിപ്പിക്കുന്നില്ല.

സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഉചിതമായ ശിക്ഷ വാങ്ങിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നില കെട്ടിടമാണ് അംബേദ്‌കറുടെ സ്‌മാരക മന്ദിരവും മ്യൂസിയവുമായി പ്രവർത്തിക്കുന്നത്.
Read Also: പൗരത്വം, ദേശീയത, മതേതരത്വം പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്
ജനങ്ങളോട് സംയമനം പാലിക്കണമെന്ന് അംബേദ്‌കറുടെ ചെറുമകനും വഞ്ചിദ് ബഹുജൻ അഗാഡി നേതാവുമായ പ്രകാശ് അംബേദ്‌കർ നിർദേശിച്ചു. പുറത്ത് കൂട്ടം കൂടുകയോ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ നടത്തുകയോ അരുതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരമാണ് മുംബെെ.
1930 ൽ അംബേദ്‌കർ മുംബെെയിൽ സ്ഥിരതാമസമാക്കിയ സമയത്താണ് ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്. താഴെ സ്‌മാരക മന്ദിരമായും മ്യൂസിയമായും പ്രവർത്തിക്കുന്നു. മുകളിലത്തെ നിലയിൽ അംബേദ്‌കറുടെ കുടുംബം താമസിക്കുന്നുണ്ട്.