ന്യൂഡല്‍ഹി: ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് ഒരു ബില്ല്യണ്‍ ഡോളര്‍ ഫണ്ട് സമാഹരണം നടത്തിയതായി റിപ്പോര്‍ട്ട്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ കൂടി ഫണ്ട് സ്വരൂപിക്കാന്‍ ഇന്ത്യയിലെ ഇ കൊമേഴ്സ് ഭീമന് കഴിയുമെന്നാണ് കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

10 ബില്ല്യണ്‍ ഡോളറോളം വിപണിമൂല്യം കാട്ടിയാണ് വെള്ളിയാഴ്ച്ചയോടെ ഫ്ളിപ്കാര്‍ട്ട് ഇത്രയും ഫണ്ട് സ്വരൂപണം നടത്തിയിട്ടുള്ളത്. 2015ല്‍ 15.5 ബില്ല്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വിപണിമൂല്യം. മൈക്രോസോഫ്റ്റ്, ഇ-ബെ, ടെന്‍സന്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഫ്ളിപ്കാര്‍ട്ടിന്റെ ഈ ഫണ്ട് സമാഹരണത്തില്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണത്തിന് ഫ്ളിപ്കാര്‍ട്ട് വിസമ്മതിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയെന്ന ഖ്യാതിയുണ്ടായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന് വലിയ വെല്ലുവിളിയാണ് അടുത്തകാലത്ത് ആമസോണ്‍.കോം ഉയര്‍ത്തിയിരിക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കാനും കൂടുതല്‍ ഉപഭോക്താക്കളെ കമ്പനിയിലേക്ക് അടുപ്പിക്കാനുമാണ് ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമന്റെ നീക്കം.

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വിപണിക്ക് ഏറ്റവും വേരൊട്ടമുള്ളത് ഇന്ത്യയിലായതിനാല്‍ ന്യൂയോര്‍ക്കിലെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ് ഫ്ളിപ്കാര്‍ട്ടിന്റെ മേധാവികളില്‍ ഒരാളെ നീക്കി കല്ല്യാണ്‍ കൃഷ്ണമൂര്‍ത്തിയെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിരുന്നു. വിപണിമത്സരത്തില്‍ ഫ്ളിപ്കാര്‍ട്ടിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവുമെന്ന നിക്ഷേപകരുടെ വിശ്വാസമാണ് പുതിയ ഫണ്ട് സമാഹരത്തിലൂടെ വ്യക്തമാവുന്നതെന്നാണ് വിപണി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ