ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ടിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്ത് നിന്നും ബിന്നി ബന്‍സാല്‍ പുറത്ത്. വ്യക്തിപരമായ ‘സ്വഭാവദൂഷ്യ’ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വാള്‍മാര്‍ട്ട് വ്യക്തമാക്കിയത്. ‘ഗുരുതരവും വ്യക്തിപരവുമായ ദുഷ്പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണം വാള്‍മാര്‍ട്ടിന്റേയും ഫ്ലിപ്കാര്‍ട്ടിന്റേയും മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്യമായ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തീരുമാനം,’ എന്നാണ് വാള്‍മാര്‍ട്ട് പറയുന്നത്. അതേസമയം ബന്‍സാല്‍ ആരോപണം നിഷേധിച്ചതായും വാള്‍മാര്‍ട്ട് പ്രസ്താവനയില്‍ പറയുന്നുണ്ട്.

അതേസമയം എന്ത് ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നതെന്ന് വ്യക്തമല്ല. ബന്‍സാലിനെതിരായ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് വാള്‍മാര്‍ട്ട് പറയുന്നത്. സംഭവത്തോട് പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും സുതാര്യമായ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതെന്നും വാള്‍മാര്‍ട്ട് വ്യക്തമാക്കി.

ആഗോള റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ മെയ് മാസം സ്ഥാപകൻ സച്ചിൻ ബൻസാൽ കമ്പനി വിട്ടിരുന്നു. സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് 2007ൽ ബെംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാർട്ട് ആരംഭിച്ചത്. ഓൺലൈൻ വഴിയുള്ള പുസ്തക വിൽപനയിലൂടെ ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിച്ച ഫ്ലിപ്കാർട്ടിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. പിന്നീട് ഇലക്ടോണിക്ക് ഉപകരണങ്ങളുടെ വിൽപ്പനയും ആരംഭിച്ചതോടെ ഫ്ലിപ്കാർട്ട് കതിച്ചുയർന്നു. ഇതോടെ ലോകത്തെ പ്രമുഖ കമ്പനികൾ ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook