വാഷിംഗ്ടൺ: ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബോധപൂർവ്വം നടന്ന അപകടമാകാമെന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ വിശകലനം ചെയ്‌ത യുഎസ് ഉദ്യോഗസ്ഥരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ കോക്‌പിറ്റിലുണ്ടായിരുന്ന ആരോ മനഃപൂർവ്വം വിമാനം തകർത്തുവെന്നാണ് സൂചനകൾ. മാർച്ച് 21നാണ് ലോകത്തെ തന്നെ നടുക്കിയ വിമാനാപകടം ഉണ്ടായത്. കുൻമിംഗിൽ നിന്ന് ഗ്വാങ്‌സൈയിലേക്ക് പറക്കുകയായിരുന്ന ബോയിംഗ് 737-800 വിമാനം ഗുവാങ്‌സിയിലെ പർവതനിരകളിൽ തകർന്നുവീഴുകയായിരുന്നു. പറന്നിരുന്ന ഉയരത്തിൽ നിന്ന് പെട്ടെന്ന് ചരിഞ്ഞു മൂക്കുകുത്തി താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 123 യാത്രക്കാരും ഒമ്പത് ജോലിക്കാരും അടക്കം 132 പേർ മരിച്ചു.
ചൈനയിൽ 28 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടം ആയിരുന്നു ഇത്. വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അപകടത്തിന് മുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽ നിന്നും സമീപത്തെ വിമാനങ്ങളിൽ നിന്നും ആവർത്തിച്ചുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. വിമാനാപകടം ബോധപൂർവ്വമാണോയെന്ന് പരിശോധിക്കുകയാണെന്ന് ഒരു വൃത്തം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അതേസമയം, ഇതിൽ ഈസ്റ്റേൺ വിമാന അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. വിമാനാപകടത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ കഴിയുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ പറഞ്ഞു. ചൈനീസ് എംബസിയും പ്രതികരിക്കാൻ വിസമ്മതിച്ചു.
Also Read: പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 6 ജിയ്ക്കായി തയാറാകണമെന്ന് പ്രധാനമന്ത്രി