സൂറത്ത്: മുംബൈയില്‍ 22 കാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. ശനിയാഴ്ച മുംബൈ ബറൂച്ചിലാണ് സംഭവം. അഞ്ച് യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പേരും സമുദായവും ചോദിച്ചായിരുന്നു ആക്രമണമെന്ന് പരുക്കേറ്റ് ആശുപത്രിയിലുള്ള ഫൈസല്‍ ഖാന് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
മുംബൈ അന്ദേരിയില്‍ ഇന്ദിരാ നഗറില്‍ വച്ചാണ് സംഭവം നടക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് ഫൈസല്‍ ഖാൻ ആക്രമണം നേരിടുന്നത്. ജോല്വാ വില്ലേജിലെ ടയര്‍ നിര്‍മാണ ശാലയിലെ ജോലിക്കാരനാണ് ഫൈസല്‍ ഖാന്. ജൂലൈ ആറിനാണ് സൂപ്പര്‍ വൈസര്‍ പോസ്റ്റില്‍ ഫൈസല്‍ ഖാന് ജോലി ആരംഭിക്കുന്നത്. കമ്പനിയില്‍ നിന്ന് ഹാര്ഡ്വെയര് ഷോപ്പിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം നേരിട്ടതെന്ന് ഫൈസല്‍ ഖാന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
താന്‍ ബൈക്കില്‍ പോകുമ്പോള്‍ അഞ്ച് യുവാക്കള്‍ തൊട്ടരികിലൂടെ ബൈക്കുകളില്‍ പോകുന്നുണ്ടായിരുന്നു. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവരെ ശ്രദ്ധിക്കാതെ താന്‍ മുന്നോട്ട് പോയി. എന്നാല്‍, അവര്‍ തന്നെ പിടിച്ചു നിർത്തി. അതിനുശേഷം പേരും സമുദായവും തിരക്കി. പേര് പറഞ്ഞപ്പോള്‍ ഏത് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴേക്കും മൂന്ന് പേര് ചേര്‍ന്ന് മര്‍ദിക്കാന്‍ ആരംഭിച്ചു. എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചപ്പോഴും അടിയായിരുന്നു കിട്ടിയത്. ഒരുവിധം അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അഞ്ച് പേരില്‍ മൂന്ന് യുവാക്കളും സ്ഥലം വിട്ടു. രക്ഷപ്പെടാനായി കമ്പനിയിലേക്ക് തന്നെ തിരിച്ചുപോകാമെന്ന് കരുതി. എന്നാല്‍, അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന രണ്ട് പേര് ചേര്‍ന്ന് വീണ്ടും അക്രമിക്കാന്‍ തുടങ്ങി. ക്രൂരമായി മര്‍ദിച്ചു. ബെല്‍റ്റ് ഊരി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആ ബെല്‍റ്റ് പിടിച്ചുവാങ്ങി അവര്‍ രണ്ട് പേരും ചേര്‍ന്ന് വീണ്ടും തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഫൈസല്‍ ഖാന് പറയുന്നു.
അതിനു ശേഷം നേരത്തെ സ്ഥലത്തുനിന്ന് പോയ മൂന്നും പേരും തിരിച്ചെത്തി. അവര്‍ എന്നെ ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നെയും മര്‍ദിക്കാന്‍ തുടങ്ങി. അവര്‍ ക്ഷീണിക്കുന്നതുവരെ എന്നെ മര്‍ദിച്ചു കൊണ്ടിരുന്നു. ക്ഷീണമായപ്പോള്‍ അവര്‍ എന്നെ അവിടെ തനിച്ചാക്കി സ്ഥലം വിടുകയായിരുന്നുവെന്ന് ഫൈസല്‍ ഖാന് പറയുന്നു.
പ്രതികള്‍ക്കെതിരെ അഞ്ചോളം വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫൈസല്‍ ഖാന് തിങ്കളാഴ്ചയാണ് ആശുപത്രി വിട്ട് വീട്ടിലേക്ക് പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.