ഗോണ്ട: ഉത്തര്‍പ്രദേശില്‍ മന്ത്രി ഓം പ്രകാശ് രാജ്ഭഹറിന്‍റെ അകമ്പടി വാഹനമിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച്-പരസ്പൂര്‍ റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദേഷ് ഗോസ്വാമിയെന്ന ബാലൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗോണ്ട പോലീസ് സൂപ്രണ്ട് ഉമേഷ് കുമാര്‍ സിങ് പ്രതികരിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റമാണ് വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്‌.

അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വാഹന ഡ്രൈവര്‍ ഉടന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും ഗതാഗതം തടഞ്ഞും പ്രതിഷേധിച്ചു.

അതേസമയം തന്റെ അകമ്പടി വാഹനമിടിച്ചാണ് കുട്ടി മരിച്ചതെനന് തനിക്കറിയില്ലെന്ന് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ പ്രതികരിച്ചു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംഭവസ്ഥലത്തേക്ക് പോകേണ്ടെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ഹൃദേഷിന്റെ കുടുംബത്തെ താന്‍ സന്ദര്‍ശിക്കുമെന്നും സംഭവം തികച്ചു ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ