ഭോപ്പാൽ: മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ പതാ ഗ്രാമത്തിന് സമീപം മാമ്പഴം കയറ്റി പോകുന്ന ട്രക്ക് മറിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റു, പരുക്കേറ്റവരിൽ 11 പേരും അതിഥി തൊഴിലാളികളാണ്.

ഹൈദരാബാദിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രാമധ്യേ ട്രക്ക് ദേശീയപാതയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവറും ഒരു ക്ലീനറുമടക്കം 18 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. മറ്റൊരു വാഹനവും അപകടത്തിൽ പെട്ടിട്ടില്ല.

തൊഴിലാളികൾ കൂടുതലും അനധികൃതമായിട്ടാണ് യാത്ര ചെയ്തിരുന്നതെന്ന് നർസിംഗ്പൂർ എസ്പി ഗുർകരൻ സിംഗ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. അവർ എവിടെ നിന്നാണ് വാഹനത്തിൽ കയറിയതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും എന്നാൽ തൊഴിലാളികളിൽ ഒരാൾക്ക് ചുമയുണ്ടെന്നും അദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

Read More: ട്രാക്കിൽ ആളുകൾ കിടക്കുന്നതുകണ്ട് ട്രെയിൻ നിർത്താൻ നോക്കി; ഔറംഗാബാദ് ദുരന്തത്തെക്കുറിച്ച് ലോക്കോ പെെലറ്റ്

തൊഴിലാളികൾ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് മുങ്‌വാനി പോലീസ് സ്റ്റേഷൻ ചുമതലയുള്ള ശിവമംഗൽ റാത്തോഡ് പറഞ്ഞു. പരിക്കേറ്റവർ നർസിംഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മധ്യപ്രദേശിലെ ഷാഹോൽ, ഉമരിയ ജില്ലകളിൽ നിന്നുള്ള 16 കുടിയേറ്റ തൊഴിലാളികൾക്കു മേൽ ചരക്കു ട്രെയിൻ കയറിയതിന് പിന്നാലെയാണ് പുതിയ സംഭവം.

ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ രാത്രി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയതാണ്. ചരക്കുനീക്കം നടത്തിയിരുന്ന ട്രെയിൻ ഇടിച്ചാണ് മരണം. ഔറംഗാബാദിലെ കർമാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.

ക്ഷീണിതരായതിനെ തുടർന്ന് ട്രാക്കിൽ വിശ്രമിക്കുമ്പോൾ ആകും അപകടം നടന്നതെന്നാണ് ഔറംഗാബാദ് പൊലീസ് പറയുന്നത്. “20 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. ജൽനയിൽ നിന്ന് ബുസ്വാളിലേക്ക് 150 കിലോമീറ്റർ നടക്കണം. 45 കിലോമീറ്റർ നടന്നുകഴിഞ്ഞപ്പോൾ തൊഴിലാളികൾ ട്രാക്കിൽ വിശ്രമിക്കാൻ കിടന്നുകാണും. ഇവർ വിശ്രമിക്കാൻ കിടന്ന ട്രാക്കിലൂടെ പുലർച്ചെ 5.15 ന് ഒരു ചരക്കുനീക്ക ട്രെയിൻ കടന്നുപോയിട്ടുണ്ട്.” പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook