ന്യൂഡൽഹി: കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയർത്തിയ ലൈംഗിക ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി വനിതാ മാധ്യമപ്രവർത്തകർ. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ അക്ബർ നിഷേധിച്ചതിനുപിന്നാലെയാണ് അഞ്ചു വനിത മാധ്യമപ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അക്ബറിന്റെ പ്രതികരണത്തിൽ നിരാശരാണെന്ന് പറഞ്ഞ രണ്ടു വനിത മാധ്യമപ്രവർത്തകർ അതിൽ അത്ഭുതപ്പെടുന്നില്ലെന്നും വ്യക്തമാക്കി.

അക്ബറിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ദി ഏഷ്യൻ ഏജിന്റെ റെസിഡന്റ് എഡിറ്റർ സുപർണ ശർമ്മ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”രണ്ടു സംഭവങ്ങളിലും ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഒരിക്കൽ അയാൾ എന്റെ ബ്രായുടെ സ്ട്രാപ് പറിച്ചെടുത്തു, മറ്റൊരിക്കൽ അയാൾ എന്റെ മാറിടത്തിൽ കൈവച്ചു. അയാൾ തന്റെ ഓഫിസിലെ മറ്റു സ്ത്രീകളോടും ഇത്തരത്തിൽ മോശമായി പെരുമാറിയെന്ന കാര്യത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. അയാൾ ആരോപണങ്ങൾ നിഷേധിച്ചതിൽ എനിക്ക് അത്ഭുതമില്ല. ഇതൊരു നീണ്ട യുദ്ധമാണ്. അടുത്തത് നിയമപരമായുളള പോരാട്ടമാണ്.”

പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന അക്ബറിന്റെ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക മാജ്‌ലി പുയ് കാംപയുടെ മറുപടി ഇതായിരുന്നു, ”ഞാനൊരു ഇന്ത്യൻ പൗരയല്ല, എനിക്ക് വോട്ട് ചെയ്യാൻ കഴിയില്ല. എനിക്കൊരു രാഷ്ട്രീയ അജണ്ടയും ഇല്ല. എനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് വിശദീകരിച്ച് എന്റെ പിതാവ് അക്ബറിന് ഇ-മെയിൽ ഇയച്ചു. അദ്ദേഹം അതിനു മറുപടി നൽകി. എന്റെ കൈയ്യിൽ തെളിവുണ്ട്. അക്ബർ ആരോപണങ്ങൾ നിഷേധിച്ചതിൽ എനിക്ക് അത്ഭുതമില്ല. എന്റെ നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു.” 2007 ൽ ദി ഏഷ്യൻ ഏജിൽ ഇന്റേണിങ് ചെയ്യുന്ന സമയത്ത് അക്ബർ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് കാംപെയുടെ ആരോപണം.

അക്ബറിനെതിരെയുളള ലൈംഗിക ആരോപണത്തിനു പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും ആരോപണം ഉന്നയിച്ച ആർക്കും രാഷ്ട്രീയ താൽപര്യമില്ലെന്ന് പ്രിയ രമണി പറഞ്ഞു. ഏതൊരു അപകീർത്തി കേസിലും പ്രതിരോധിക്കാനുളള മികച്ച ആയുധം സത്യമാണ്. അതിനാൽ തനിക്ക് ആശങ്കയില്ലെന്നും അവർ പറഞ്ഞു.

താൻ പറഞ്ഞതെന്താണോ അതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അക്ബറിനൊപ്പം 1995 മുതൽ 97വരെ പ്രവർത്തിച്ച ഫ്രീലാൻസ് ജേർണലിസ്റ്റ് കനിക ഗഗ്‌ലൗട്ട് പറഞ്ഞു. ”തന്റെ അധികാരം ഉപയോഗിച്ച് ആരോപണം ഉന്നയിച്ചവരെയെല്ലാം അപകീർത്തിപ്പെടുത്താനാണ് അക്ബറിന്റെ ശ്രമം. ഞങ്ങളുടെ പോരാട്ടം എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. നീതിക്കുവേണ്ടിയുളള പോരാട്ടമാണ്,” അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ട്വീറ്റ് ചെയ്ത ശുത്‌പ പോൾ പറഞ്ഞു.

അതിനിടെ, ലൈംഗിക ആരോപണം നേരിടുന്ന എം.ജെ.അക്ബർ വിദേശകാര്യ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി ഇന്ന് വിദേശകാര്യ മന്ത്രാലയം ഓഫിസിൽ എത്തി. രാജിക്കാര്യത്തിൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതി ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നാണ് അക്ബറിന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. ആറു വനിതാ മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ