കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാനെ നടുക്കി ഭീകരാക്രമണം. കറാച്ചി പൊലീസ് മേധാവിയുടെ ആസ്ഥാനത്തിലേക്കാണ് ഭീകരർ ഇരച്ചുകയറി ആക്രമണം നടത്തിയത്. നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അഞ്ചു ഭീകരരെ സൈന്യം വധിക്കുകയും പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന്റെ നിയന്ത്രണം തിരിച്ചു പിടിക്കുകയും ചെയ്തു.
ആക്രമണത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ, ഒരു റേഞ്ചർ ഉദ്യോഗസ്ഥർ, ഒരു സാധാരണക്കാരൻ എന്നിവരും കൊല്ലപ്പെട്ടു. 17 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിൽ അഞ്ചു ഭീകരരെ വധിച്ചതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. മണിക്കൂറുകൾ നീണ്ട വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും രണ്ടുപേർ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിൽ പ്രവേശിച്ച ഭീകരരുടെ എണ്ണത്തിൽ പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളുണ്ട്. എട്ടു ഭീകരരെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. എത്ര ഭീകരർ കെട്ടിടം ആക്രമിച്ചുവെന്ന് കൃത്യമായി പറയാൻ കുറച്ച് സമയമെടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കെട്ടിടത്തിനു സമീപത്തുനിന്നും രണ്ടു കാറുകൾ കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡിഐജി സൗത്ത് ഇർഫാൻ ബലൂച് പറഞ്ഞു. ഒരു കാർ കെട്ടിടത്തിന് പുറകുവശത്തും മറ്റൊരു കാർ കെട്ടിടത്തിനു മുൻവശത്തുമായാണ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡ് രണ്ട് കാറുകളിലും സ്‌ഫോടകവസ്തുക്കളുണ്ടോയെന്ന് പരിശോധിച്ചതായും തീവ്രവാദികളുടെ ചാവേർ വസ്ത്രങ്ങൾ പരിശോധിച്ചതായും ബലൂച് പറഞ്ഞു.
ഭീകരരുടെ പക്കൽ അത്യാധുനിക ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നു. പൊലീസ് യൂണിഫോം ധരിച്ചാണ് അവർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.