ന്യൂഡല്‍ഹി: ക്രൂവിനും കുടുംബങ്ങള്‍ക്കും വാക്‌സിനേഷന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നതിനിടെ, കോവിഡ് മൂലം ദേശീയ വിമാനക്കമ്പനിക്കു മേയില്‍ നഷ്ടമായത് അഞ്ച് മുതിര്‍ന്ന പൈലറ്റുമാരെ. ക്യാപ്റ്റന്‍ പ്രസാദ് കര്‍മാകര്‍, ക്യാപ്റ്റന്‍ സന്ദീപ് റാണ, ക്യാപ്റ്റന്‍ അമിതേഷ് പ്രസാദ്, ക്യാപ്റ്റന്‍ ജി പി എസ് ഗില്‍, ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി എന്നിവരാണ് മരിച്ചതെന്ന് എയര്‍ ഇന്ത്യ പൈലറ്റ് യൂണിയന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
മുപ്പത്തിയേഴുകാരനായ ഹര്‍ഷ് തിവാരി മേയ് 30നാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബോയിങ് 777 വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു. തിവാരി ഉള്‍പ്പെടെയുള്ളവരെല്ലാം വിദേശ സര്‍വിസുകള്‍ക്കായുള്ള വലിയ വിമാനങ്ങള്‍ പറത്തിയിരുന്നവരാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രവാസികളെ ഇന്ത്യയിലെത്തിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു.
വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ വിമാനങ്ങള്‍ പറത്തുന്നത് നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും ഈ മാസത്തിനുള്ളില്‍ കുത്തിവയ്പ് നടത്താന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് നാലിന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ മൂന്ന് ക്യാമ്പ് റദ്ദാക്കേണ്ടി വന്നു. മേയ് 15 നു മാത്രമാണ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കാന്‍ കഴിഞ്ഞത്. 45 വയസിനു മുകളിലുള്ള ജീവനക്കാര്‍ക്കായി എയര്‍ ഇന്ത്യ നേരത്തെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു.
”പൈലറ്റുമാര്‍ ക്വാറന്റൈന്‍ ചെയ്യപ്പെടുന്നു, കോവിഡ് പോസിറ്റീവാകുന്നു, അപായ സൂചന വര്‍ധിപ്പിച്ചുകൊണ്ട് കോവിഡിനു കീഴടങ്ങുന്നു. അടുത്ത കുടുംബാംഗങ്ങള്‍ പോലും ദുരിതത്തിലാകുകയും മാരക വൈറസിന് ഇരയാകുകയും ചെയ്യുന്നു. വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് നാട്ടിലേക്കു മടങ്ങുമ്പോള്‍ ഞങ്ങളുടെ കുടുംബാംഗങ്ങളെ ബാധിക്കുമെന്ന് ഭയപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍, ചുമതലകള്‍ നിര്‍വഹിക്കാനും കുടുംബങ്ങളെ സുരക്ഷിതമാക്കാനും ഞങ്ങള്‍ക്കു കമ്പനിയുടെ പിന്തുണ ആവശ്യമാണ്,”എയര്‍ ഇന്ത്യ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ക്യാപ്റ്റന്‍ ആര്‍ എസ് സന്ധുവിന് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) ചൊവ്വാഴ്ച എഴുതിയ കത്തില്‍ പറഞ്ഞു. വൈഡ് ബോഡി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പൈലറ്റുമാരുടെ സംഘടനയാണ് ഐസിപിഎ.
Also Read: Coronavirus India Live Updates: മരണസംഖ്യ മൂവായിരത്തില്‍ താഴെ; 1.34 ലക്ഷം പുതിയ കേസുകള്‍
വിമാന സര്‍വിസിനു മുന്‍പും ശേഷവുമുള്ള നിര്‍ബന്ധിത ബ്രെത് അനലൈസര്‍ ടെസ്റ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐസിപിഎ ഏപ്രില്‍ 14 ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) കത്തെഴുതിയിരുന്നു. എന്നാല്‍ ഒരു കമ്പനിയുടെ ഇന്ത്യയിലെ മുഴുവന്‍ സര്‍വിസുകളിലും 10 ശതമാനം ഫ്‌ളൈറ്റ് ക്രൂവിനെയും ക്യാബിന്‍ ക്രൂവിനെയും ക്രമരഹിതമായ തരത്തില്‍ പ്രീ ഫ്‌ളൈറ്റ് ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡിജിസിഎ ഏപ്രില്‍ 27 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ബ്രെത് അനലൈസര്‍ പരിശോധന സെപ്റ്റംബറിലാണ് പുനരാരംഭിച്ചത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കര്‍വ് പരന്നതാകാന്‍ തുടങ്ങിയ ശേഷമാണു പരിശോധന വീണ്ടും തുടങ്ങിയത്.
ഫെബ്രുവരി ഒന്നുവരെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 1,995 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായും ഇതില്‍ 583 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യോയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. അക്കാലത്ത് ക്രൂ അംഗങ്ങളാരും മരിച്ചിരുന്നില്ല. എന്നാല്‍ 19 ഗ്രൗണ്ട് സ്റ്റാഫുകള്‍ കോവിഡും മറ്റു സങ്കീര്‍ണതകളും മൂലം മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ധനസഹായമായി 10 ലക്ഷം രൂപ വീതം എയര്‍ ഇന്ത്യ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.
ഫ്‌ളൈയിങ് ക്രൂ, ഫ്രണ്ട് ലൈന്‍ ഗ്രൗണ്ട് ജീവനക്കാര്‍, ബാക്ക് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും എയര്‍ ഇന്ത്യ എപ്പോഴും ഉയര്‍ന്ന പരിഗണന നല്‍കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
”വിമാന സര്‍വിസിനു മുന്‍പും ശേഷവുമുള്ള ടെസ്റ്റുകളും ആരോഗ്യ സംബന്ധമായ ഏതു പ്രശ്‌നത്തിലും ഏതു സമയത്തുള്ള പിന്തുണയും ജീവനക്കാര്‍ക്കു ലഭ്യമാക്കുന്നു, പ്രത്യേകിച്ച് മുന്‍നിരയിലുള്ളവര്‍ക്ക്. യോഗ്യതയുള്ള ജീവനക്കാര്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് സജീവമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പതിവായി നടക്കുന്നു,” വക്താവ് അറിയിച്ചു.