റായ്പൂര്‍: ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ദന്ദേവാദയിലെ ചോല്‍നര്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ ചത്തീസ്ഗഡ് ആയുധസേനയിലെ രണ്ട് ജവാന്മാരും പൊലീസ് ജില്ലാ സേനയിലെ മൂന്ന് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുമായി നീങ്ങിയ എസ്‍യൂവിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

അഞ്ച് പേര്‍ സ്ഥലത്ത് വെച്ച് മരിച്ചപ്പോള്‍ രണ്ട് പേരെ സമീപത്തെ പ്രദേശത്തെ ചികിത്സാ സഹായ കേന്ദ്രത്തിലെത്തിച്ചു. സ്ഥലത്ത് ഇത് ആദ്യമായല്ല സുരക്ഷാ സേന അക്രമത്തിന് ഇരയാകുന്നത്. മെയ് മാസം ഗരിയാബന്ദില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ദന്ദേവാദയില്‍ തന്നെ ഏപ്രിലില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ പരുക്കേറ്റ ജവാന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. മാര്‍ച്ച് 11ന് സുഖ്മയില്‍ നടന്ന ആക്രമണത്തില്‍ 9 ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ