ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ പശുവിറച്ചി കൈവശം വെച്ചുവെന്ന് ആരോപിച്ച് അഞ്ച് പേരെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നാലെ ഇരകള്‍ക്കെതിരെ പശുക്കടത്ത് നിയമപ്രകാരം ഫരീദാബാദ് പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മര്‍ദ്ദനമേറ്റ അഞ്ച് പേര്‍ക്കെതിരെ പശുക്കടത്തിന് കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍​ പറഞ്ഞു. മര്‍ദ്ദനം ഏറ്റവരുടെ പരാതിയിലും കേസെടുത്തതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് മാംസം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഗോസംരക്ഷണത്തിന്റെ പേരിലുളള അക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതിന് ഒരു മാസം തികയുമ്പോഴാണ് വീണ്ടും അക്രമണം ഉണ്ടായിരിക്കുന്നത്.

അക്രമങ്ങള്‍ തടയാന്‍ രാജ്യത്ത് എല്ലാ ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. ഗോസംരക്ഷണത്തിന്റെ പേരില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മൂന്ന് വര്‍ഷം മുമ്പ് ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ഗോരക്ഷാ അക്രമികളുടെ വിളയാട്ടം ആരംഭിച്ചത്. കശാപ്പിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതും ഗോരക്ഷാ അക്രമികള്‍ക്ക് വളമായി. തുടര്‍ന്നാണ് പശുവിനെ നിയമപരമായി കൊണ്ടു പോകുന്നത് അടക്കമുളള വാഹനങ്ങള്‍ തടഞ്ഞ് ഗോരക്ഷാ അക്രമികള്‍ അക്രമം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ