ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി നിയമനത്തിനു ശിപാർശ ചെയ്ത അഞ്ച് പേരുകള്‍ സംബന്ധിച്ച് തീരുമാനം വൈകവെ, രണ്ടു പേരുകള്‍ കൂടി ശിപാര്‍ശ ചെയ്ത് കൊളീജിയം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയാണ് സുപ്രീം കോടതിയിലേക്കു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഒടുവിൽ ശിപാർശ ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 ന് കൊളീജിയം അഞ്ച് പേരുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവരെയാണു ശിപാർശ ചെയ്തത്. ഇവരുടെ നിയമനം കേന്ദ്രസർക്കാർ ഇനിയും വിജ്ഞാപനം ചെയ്തിട്ടില്ല.
അതേസമയം, പുതിയ രണ്ട് പേരുകള്‍ നിര്‍ദേശിച്ചതിനുള്ള വിശദമായ കാരണങ്ങള്‍ ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ്, എംആര്‍ ഷാ, അജയ് രസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ കൊളീജിയം നല്‍കി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയത്തിന്റെ പ്രമേയം ഏകകണ്ഠമാണ്. എന്നാൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അരവിന്ദ് കുമാറിനെ പിന്നീട് പരിഗണിക്കാമെന്നു ജസ്റ്റിസ് കെ എം ജോസഫ് നിലപാടറിയിച്ചു.
അംഗീകൃത അംഗബലം 34 ജഡ്ജിമാരുള്ള സുപ്രീം കോടതി നിലവില്‍ 27 ജഡ്ജിമാരുമായാണു പ്രവര്‍ത്തിക്കുന്നുതെന്നും ഏഴ് വ്യക്തമായ ഒഴിവുകളുണ്ടെന്നും കൊളീജിയം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
ഹൈക്കോടതികളിലെ യോഗ്യരായ ചീഫ് ജസ്റ്റിസുമാരുടെയും മുതിര്‍ന്ന ജഡ്ജിമാരുടെയും യോഗ്യത, സത്യസന്ധത, കഴിവ് എന്നിവ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം, ജസ്റ്റിസുമാരായ രാജേഷ് ബിന്ദലും അരവിന്ദ് കുമാറും പദവിക്കു കൂടുതല്‍ അര്‍ഹരും അനുയോജ്യരുമാണെന്നാണു കൊളീജിയം വിലയിരുത്തിയത്.