ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലും പുല്‍വാമയിലും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ജയ്ഷെ മുഹമ്മദ് (ജെഎം) കമാൻഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം.
കൊല്ലപ്പെട്ടവരില്‍ വിദേശി ഉൾപ്പെടെ നാല് പേർ ജെയ്ഷെ മുഹമ്മദിൽ പെട്ടവരാണെന്നും ഒരാൾ ലഷ്കർ ഇ തൊയ്ബയിൽ നിന്നുള്ളയാളാണെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. 12 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലുകളിലാണ് അഞ്ച് പേരെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ദക്ഷിണ കശ്മീരിലെ പുൽവാമയിലെ നൈറ ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. നൈറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസും സൈന്യവും അർദ്ധസൈനിക വിഭാഗവും സംയുക്തമായി പ്രദേശം വളയുകയായിരുന്നു.
തീവ്രവാദികള്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് സൈന്യം തിരച്ചടിച്ചത്. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു നിന്നതായാണ് വിവരം. കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാള്‍ ജെയ്ഷെ ഇഎം കമാൻഡർ സാഹിദ് വാനിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദി പാകിസ്ഥാൻ പൗരനാണെന്നും പൊലീസ് വ്യക്തമാക്കി.
ബുദ്ഗാമിൽ ച്രാർ-ഇ-ഷരീഫ് ഗ്രാമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം തെക്കൻ കശ്മീരിലെ ബിജ്ബെഹറയിലെ ഹസൻപോറ ഗ്രാമത്തിൽ ഒരു പോലീസുകാരനെ തിവ്രവാദികള്‍ എന്ന് കരുതപ്പെടുന്നവര് കൊലപ്പെടുത്തിയിരുന്നു.
Also Read: തെക്കൻ കശ്മീരില്‍ തീവ്രവാദി ആക്രമണം; പൊലീസുകാരന് കൊല്ലപ്പെട്ടു