ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ അഞ്ച് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെന്ന് സൂചന. പ്രവീണ്‍ ലിംകര്‍, ജയപ്രകാശ്, സാരങ് അകോല്‍ക്കര്‍, രുദ്രപാട്ടീല്‍, വിനയ് പവാര്‍, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെു കൊണ്ടിരിക്കുന്നത്.

2009ലെ മഡ്ഗോവ് സ്ഫോടനക്കേസില്‍ ലിംകര്‍, ജയപ്രകാശ്, അകോല്‍കര്‍, വിനയ് പവാര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വധക്കേസുകളിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒരേ തരം തോക്ക് ഉപയോഗിച്ചതും നടപ്പാക്കിയ രീതികളും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്നതിന്റെ തെളിവുകളായി വിലയിരുത്തപ്പെട്ടിരുന്നു.

ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണം നല്ല പുരോഗതിയിലാണെന്നും പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കര്‍ണാടക അഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലേക്ക് അക്രമികള്‍ ഉതിര്‍ത്തത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി. പോയന്റ് ബ്ലാങ്കില്‍ നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു. കല്‍ബുര്‍ഗിയെ സ്വവസതിയില്‍ വച്ച് രണ്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയെ കൊലപ്പെടുത്തിയതും. കല്‍ബുര്‍ഗിയുടെ വധത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ ലങ്കേഷ് മുന്‍നിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണ്. ചലച്ചിത്ര പ്രവര്‍ത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook