ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് മാർച്ച് ചെയ്ത കർഷകരിൽ തിരച്ചറിഞ്ഞ അഞ്ച് പേർക്ക് പഞ്ചാബിൽ ക്രിമിനൽ പശ്ചാത്തലമുള്ളതായി ഡൽഹി പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
മുപ്പതോ നാൽപ്പതോ ട്രാക്ടറുകളിലും 150 ഓളം മോട്ടോർ സൈക്കിളുകളിലും കാറുകളിലുമായി ആയിരത്തോളം പേരാണ് ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചത്. അവിടെവെച്ച് പൊലീസുകാരെ പിന്തുടർന്ന് ആക്രമിക്കുകയും അവരുടെ ഉപകരണങ്ങൾ കൊള്ളയടിക്കുകയും ചിലരെ പൊതു ടോയ്ലറ്റിൽ ബന്ധികളാക്കുകയും ചെയ്തതായാണ് എസ്എച്ചഒ റിതുരാജ് ഫയൽ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
നിരവധി സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്‌കാൻ ചെയ്ത ശേഷം ചിലരെ പോലീസ് തിരിച്ചറിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. “അഞ്ചോ ആറോ പേരുടെ വിവരങ്ങൾ പഞ്ചാബ് പോലീസിൽ പരിശോധിച്ചു. ചിലർക്കെതിരെ മുൻകാലങ്ങളിൽ കൊലപാതകശ്രമങ്ങൾക്ക് കേസുണ്ടായിരുന്നെന്നും, മറ്റുചിലർ കലഹങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെ”ന്നുമാണ് വിവരം.
Read More: റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ; 38 കേസുകൾ രജിസ്റ്റർ ചെയ്തു; അറസ്റ്റിലായത് 84 പേർ
അക്രമാസക്തരായ ചില പ്രതിഷേധക്കാർ ഡൽഹി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്ന് റിപബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ 38 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ 84 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
അക്രമസംഭവങ്ങൾക്ക് പിറകെ ഹരിയാനയിൽ പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് വിലക്ക് സംസ്ഥാന സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപ്പത്, ഹിസാർ, ജിന്ദ്, റോഹ്തക്, ഭിവാനി, ചാർക്കി ദാദ്രി, ഫത്തേഹാബാദ്, റെവാരി, സിർസ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ജനുവരി 31 വരെ വൈകുന്നേരം 5 മണി വരെ നീട്ടി. സോണിപത്, ജജ്ജർ, പൽവാൾ ജില്ലകളിൽ സേവനങ്ങൾ നേരത്തേ നിർത്തിവച്ചിരിക്കുന്നു.
റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെയും സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെയും പേരിൽ കോൺഗ്രസ് എംപി ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേസായ്, മൃണാൾ പാണ്ഡെ, പരേഷ് നാഥ്, അനന്ത് നാഥ്, വിനോദ് കെ ജോസ് തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് ശനിയാഴ്ച എഫ്ഐആർ രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും മധ്യപ്രദേശ് പൊലീസും നേരത്തെ കേസെടുത്തിരുന്നു.