/indian-express-malayalam/media/media_files/uploads/2023/09/Parliament.jpg)
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി
ന്യൂഡൽഹി: 2047ഓടെ രാജ്യത്തെ ഒരു വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനം ഹ്രസ്വകാലത്തേക്കാണെങ്കിലും സുപ്രധാന തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. "2047ഓടെ രാജ്യത്തെ ഒരു വികസിത രാജ്യമാക്കി മാറ്റും. അതിനായി എല്ലാ തീരുമാനങ്ങളും പുതിയ പാർലമെന്റിൽ എടുക്കും. പ്രത്യേക പാർലമെന്റ് സമ്മേളനം ഹ്രസ്വകാലത്തേക്കാണെങ്കിലും സുപ്രധാന തീരുമാനങ്ങളെടുക്കും.
പഴയ പ്രശ്നങ്ങൾ ഉപേക്ഷിച്ച് പുതിയ വീട്ടിലേക്ക് പുതിയ സാധനങ്ങൾ കൊണ്ടുവരാൻ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിക്കുകയാണ്. ഇതൊരു ചെറിയ സെഷനാണ്. പ്രതിപക്ഷ എംപിമാർ പരമാവധി സമയം ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും ചുറ്റുപാടിൽ വിനിയോഗിക്കണം. കരച്ചിലിനും പിഴിച്ചിലിനും ഒരുപാട് സമയമുണ്ടാകും, അങ്ങനെ ചെയ്തോളൂ. നിങ്ങളിൽ ആവേശവും വിശ്വാസവും നിറയ്ക്കുന്ന ജീവിതത്തിലെ നിമിഷങ്ങൾ. ഞാൻ ഈ ചെറിയ സെഷനും അങ്ങനെയാണ് കാണുന്നത്," പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം രാവിലെ 11 മണിയോടെ ആരംഭിച്ചു. സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ തൊട്ടുപിന്നാലെ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് ശേഷം സഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. ചന്ദ്രയാനേയും ജി20 ഉച്ചകോടിയുടെ വിജയത്തേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങളുടെ ഒരു സമ്മേളനമാണിതെന്നും കൂട്ടിച്ചേർത്തു.
"75 വർഷത്തെ പാർലമെന്റിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യക്കാരുടെ നേട്ടങ്ങൾ ലോകമെങ്ങും ചർച്ചയാകുകയാണ്. ചന്ദ്രയാൻ മൂന്നിന്റെ വിജയം ഇന്ത്യയെ മാത്രമല്ല, ലോകത്തിനാകെ അഭിമാനം നൽകുന്നതാണ്. സാങ്കേതികവിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ സാധ്യതകൾ, രാജ്യത്തെ 140 കോടി ജനങ്ങളുടെ ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ശക്തിയുടെ ഒരു പുതിയ രൂപത്തെ ഇത് എടുത്തുകാണിച്ചു. ഇന്ന് ഞാൻ വീണ്ടും നമ്മുടെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു," മോദി പറഞ്ഞു.
നാളെ മുതലാണ് സഭാ നടപടികൾ പുതിയ മന്ദിരത്തിലേക്ക് മാറുന്നത്. നാളെ ഗണേശ ചതുർഥി പ്രമാണിച്ച് സഭാ സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സെപ്റ്റംബർ 20 മുതലാണ് പാർലമെന്റ് നടപടികൾ സാധാരണ നിലയിലേക്ക് എത്തുക. പ്രത്യേക സമ്മേളനം സെപ്റ്റംബർ 22ന് സമാപിക്കും.
1946 ഡിസംബർ 9 മുതലുള്ള പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയോടെ പ്രത്യേക സമ്മേളനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു കരട് അജണ്ട സർക്കാർ ഇന്നലെ പുറത്തുവിട്ടിരുന്നു. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഇല്ലാതെയുള്ള എട്ട് ബില്ലുകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച ബില്‍ പരിഗണനയ്ക്കും പാസാക്കുന്നതിനുമായി എടുക്കും. കഴിഞ്ഞ മൺസൂൺ സമ്മേളനത്തില്‍ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു.
ഇതിന് പുറമെ, 2023 ഓഗസ്റ്റ് മൂന്നിന് രാജ്യസഭ പാസാക്കിയ 'ദി അഡ്വക്കേറ്റ്‌സ് (ഭേദഗതി) ബിൽ, 2023', 'ദി പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ, 2023', 'ദി പോസ്റ്റ് ഓഫീസ് ബിൽ, 2023' എന്നിവയും ലോക്സഭയുടെ പരിഗണനയ്ക്ക് വരും. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.
പുതുക്കിയ അജണ്ടയിലെ എട്ട് ബില്ലുകളിൽ വനിത സംവരണ ബിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. 34 പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലും പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലായിരുന്നു. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക് സഭയിലെത്തിയിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
അതേ സമയം 'ഭാരത്' പരാമർശം പുതുക്കി അജണ്ടയിൽ ഇടംപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചർച്ച ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടിയുള്ളതാണെന്നാണ് അജണ്ടയിലെ പരാമർശം. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി രാവിലെ പാർലമെൻ്റിൽ യോഗം ചേരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.