ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ആര്‍എസ്എസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടുവെന്ന് ആരോപിച്ച് അഞ്ച് പേര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റാണ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹാറൂണ്‍ ഖാന്, ഷഫീഖ്, കിങ് ഖാന് എന്നിവര്‍ക്കെതിരെ ഗൗരവ് ഗുപ്ത എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അഡീഷണല്‍ എസ്പി അജയ് പ്രതാപ് സിങ് പറഞ്ഞു.
തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ഈ അഞ്ച് പേരും മുഖ്യമന്ത്രിക്കെതിരെയും ആര്‍എസ്എസിന് എതിരേയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പ്രതാപ് സിങ് പറയുന്നത്. നവംബര്‍ 14ലെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.