ന്യൂഡൽഹി: നോയിഡയിൽ ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അഞ്ച് പേരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

അമിത ലഹരി ഉപയോഗം മൂലം പന്ത്രണ്ടാം ക്ലാസുകാരൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയിലാണ് നൈജീരിയൻ വിദ്യാർത്ഥികൾക്ക് എതിരെ ആക്രമണമുണ്ടായത്. പ്രദേശത്തെ ആഫ്രിക്കകാരാണ് വിദ്യാർത്ഥിക്ക് മയക്കുമരുന്നു നൽകിയതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ അക്രമം നടത്തിയത്. പ്രദേശത്ത് ഷോപ്പിംഗ് നടത്തിയ വിദ്യാർത്ഥിയെയും കാറിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കു നേരെയുമാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്.

ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ പക്ഷാപാത രഹിതമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് സുഷമ സ്വരാജിന് ഉറപ്പ് നൽകിയിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്ന് ആദിത്യനാഥ് അറിയിച്ചതായി സുഷമ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook