ന്യൂഡല്‍ഹി: രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കേസിലെ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്. 2012 ഫെബ്രുവരി 15നുണ്ടായ സംഭവത്തില്‍ നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തിലാണു നിയമനടപടികള്‍ അവസാനിപ്പിച്ചത്.
ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാത്തോറിനും സാല്‍വതോര്‍ ജിറോണിനുമെതിരായ എഫ്ഐആര്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയുടെയും എം ആര്‍ ഷായുടെയും അവധിക്കാല ബഞ്ചാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രിബ്യൂണലിന്റെ വിധി പ്രകാരം കേസില്‍ ഇറ്റലി തുടര്‍ അന്വേഷണം പുനരാരംഭിക്കുമെന്ന് ബഞ്ച് വ്യക്തമാക്കി. ആര്‍ബിട്രേഷന്‍ വിധി ഇന്ത്യ നേരത്തെ അംഗീകരിച്ചിരുന്നു.
ഇറ്റലി നഷ്ടപരിഹാരമായി നല്‍കിയ പത്ത് കോടി രൂപ ‘ന്യായമായതും പര്യാപ്തവും’ ആണെന്നു സുപ്രീം കോടതി വിശേഷിപ്പിച്ചു. അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി പ്രകാരമുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും പരസ്പര സമ്മതം പ്രകടിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ഈ തുക അംഗീകരിച്ചിരുന്നു.
നഷ്ടപരിഹാരത്തില്‍നിന്ന് നാലു കോടി രൂപ വീതം കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ അടുത്ത ബന്ധുക്കള്‍ക്കും രണ്ട് കോടി രൂപ അവര്‍ സഞ്ചരിച്ച മീന്‍പിടിത്ത ബോട്ടായ സെന്റ് ആന്റണിയുടെ ഉടമയ്ക്കും ലഭിക്കും. സംഭവത്തില്‍ ഇദ്ദേഹത്തിനും പരുക്കേറ്റിരുന്നു.
Also Read: ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍; ദേശിയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദ ബോസ്
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇറ്റലി കൈമാറിയ 10 കോടി രൂപ മുന്‍ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതിയ രജിസ്ട്രിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയുടെയും എം ആര്‍ ഷായുടെയും ബഞ്ചിനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
2012 ഫെബ്രുവരി 15 ന് മീന്‍പിടിച്ച് മടങ്ങുന്നതിനിടെയാണു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചത്. എണ്ണ ടാങ്കറായ എന്റിക്ക ലെക്‌സിയില്‍ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാത്തോറിനും സാല്‍വതോര്‍ ജിറോണിയുമാണ് ഇവര്‍ക്കുനേരെ വെടിവച്ചത്. കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്‌പെന്നായിരുന്നു ഇവരുടെ മൊഴി.
കേരള തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. തൊട്ടുപിന്നാലെ എന്റിക്ക ലെക്‌സിയെ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇറ്റാലിയന്‍ നാവികരെ പൊലീസ് കസ്റ്റഡിലെടുത്തു. തടവിൽ കഴിഞ്ഞിരുന്ന ഇവര്‍ പിന്നീട് കോടതി ഇടപെടലില്‍ ഇറ്റലിയിലേക്കു പോയിരുന്നു.