scorecardresearch

മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവം: 10 പാക്കിസ്ഥാൻ സമുദ്ര സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ

സംഭവത്തിൽ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Indian fisherman killed in Pakistan, Indian fisherman killed by pakistan, Indian fisherman shot dead by Pakistan, India pakistan news, ഗുജറാത്ത്, മത്സ്യത്തൊഴിലാളി, പാകിസ്ഥാൻ, Malayalam News, IE Malayalam
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിൽ ഇന്ത്യൻ മീൻപിടിത്ത ബോട്ടിന് നേർക്കുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയിലെ (പിഎംഎസ്എ) 10 ഉദ്യോഗസ്ഥർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. കൊലപാതകത്തിനും കൊലപാതകശ്രമത്തിനുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 114 (കുറ്റം ചെയ്യാനുള്ള പ്രേരണ) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം പോർബന്തർ ജില്ലയിലെ നവി ബന്ദർ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ ‘ജൽപാരി’ക്കു നേരെ പത്ത് അജ്ഞാത പിഎംഎസ്‌എ ഉദ്യോഗസ്ഥർ ശനിയാഴ്ച വൈകിട്ട് നാലോടെ നടത്തിയ വെടിവയ്പിൽ മഹാരാഷ്ട്ര പാൽഘർ ജില്ലയിൽനിന്നുള്ള മത്സ്യത്തൊഴിലാളിയായ ശ്രീധർ ചാംരെ (32)യാണു കൊല്ലപ്പെട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. രണ്ട് ബോട്ടിലായി അഞ്ച് വീതം ഉദ്യോഗസ്ഥരാണുണ്ടായിരുന്നതെന്നും എഫ്ഐആറിൽ പറയുന്നു.

വെടിവയ്പിൽ പരുക്കേറ്റ ദിയു സ്വദേശിയായ മത്സ്യത്തൊഴിലാളി ദിലീപ് സോളങ്കി (34) ഗുജറാത്തിലെ ഓഖ തീരദേശ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും എഫ്ഐആറിൽ പറയുന്നു. സംഭവ സമയത്ത് മീൻപിടുത്ത ബോട്ടിൽ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

“വിഷയം ഞങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ട്. ഞങ്ങൾ ഈ വിഷയം പാക്കിസ്ഥാനുമായി നയതന്ത്ര തലത്തിൽ ഉന്നയിക്കാൻ പോകുകയാണ്, ” സർക്കാർ വൃത്തങ്ങൾ ന്യൂഡൽഹിയിൽ പറഞ്ഞു.

Also Read: പോഷകാഹാരക്കുറവ്: രാജ്യത്ത് 17.7 ലക്ഷം കുട്ടികളുടെ അവസ്ഥ ഗുരുതരം

അതേസമയം, മറ്റൊരു മീൻപിടുത്ത ബോട്ടായ ശ്രീ പദ്മനി പിടിച്ചെടുത്ത പിഎംഎസ്എ, ആറ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും പോർബന്തറിലെ മത്സ്യത്തൊഴിലാളി നേതാവ് മനീഷ് ലോധാരി പറഞ്ഞു. ശ്രീ പദ്മനിയും ജൽ പാരിയും ഗുജറാത്തിലെ ജഖാവു തീരത്ത് പ്രവർത്തിക്കുന്ന മത്സ്യബന്ധന ട്രോളറുകളുടെ ഒരേ സംഘത്തിന്റെ ഭാഗമാണെന്നാണ് വിവരം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാക്കിസ്ഥാൻ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 13 നും 18 നും ഇടയിൽ നാല് വ്യത്യസ്ത സംഭവങ്ങളിലായി 11 മത്സ്യബന്ധന ബോട്ടുകളും 63 മത്സ്യത്തൊഴിലാളികളും പിഎംഎസ്എ പിടിച്ചെടുത്തതായി ഗുജറാത്ത് സർക്കാർ സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fisherman killed in firing gujarat india pakistan fir