ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രി  നിർമല സീതാരാമനാണ് ഇന്ന് പാര്‍ലമെന്റിൽ ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രാലയത്തിന്റെ ചുമതല മാത്രം പൂര്‍ണമായും ഒരു വനിത വഹിക്കുന്നത് ഇത് ചരിത്രത്തില്‍ ആദ്യം. അതുകൊണ്ട് തന്നെ ഈ ബജറ്റിന് ഏറെ പ്രത്യേകതകളുണ്ട്. അതേസമയം, പാര്‍ലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാണ് നിർമല സീതാരാമന്‍. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിത.  ഇന്ന് രാവിലെ 11 നാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് കൂടുതൽ സ്ത്രീപക്ഷമാകുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.

Read Also: എന്താണ് ഈ ബജറ്റിൽ നോക്കിക്കാണേണ്ടത്?

ഇന്ദിര ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിർമല സീതാരാമൻ സ്വന്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി ഇന്ദിര ഗാന്ധി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 1970 – 1971 കാലഘട്ടത്തിലാണ് ധനകാര്യ വകുപ്പ് ഇന്ദിര ഗാന്ധി കൈകാര്യം ചെയ്തത്.

ഇതിന് മുൻപ് നിർമല സീതാരാമൻ കൈകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമല തന്നെ. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിര ഗാന്ധി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹർ പരീക്കറിന് ശേഷമാണ് നിർമല സീതാരാമൻ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പർ ലേഡിയായിരിക്കുകയാണ് നിർമല സീതാരാമൻ.

സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍. തിരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിന്ന് കൂടുതലായി പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയില്‍ മുന്നേറുകയാണെന്നാണ് സാമ്പത്തിക സർവേയിലെ വിലയിരുത്തല്‍. 2022ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് ഒന്നാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന്‍ കാത്തുവച്ചിരിക്കുന്നത് എന്തെന്ന് ഇന്നറിയാം.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിർമല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ച് വരുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തണം. ഇതിനായി 2015 നിര്‍ത്തലാക്കിയ സമ്പന്നര്‍ക്കുള്ള നികുതി അടക്കമുള്ളവ വീണ്ടും ഏര്‍പ്പെടുത്തുമെന്നുള്ള സൂചനകളും ഉയരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook