ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ തീപിടിത്തം. ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ ജീവനുകള്‍ പൊലിയാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇങ്ങനെയൊരു ആപത്ഘട്ടത്തില്‍ 11 ജീവനുകള്‍ക്ക് രക്ഷാകവചമൊരുക്കിയത് രാജേഷ് ശുക്ലയെന്ന ഫയര്‍മാനാണ്.

ഡല്‍ഹിയിലെ മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന്‍ രാജേഷ് ശുക്ലയെ രാജ്യത്തിന് പരിചയപ്പെടുത്തി കൊടുക്കുകയാണ്. നിരവധി പേരാണ് രാജേഷ് ശുക്ലയെന്ന ഫയര്‍മാന്റെ അസാമാന്യ ധീരതയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. തിപിടിത്തമുണ്ടായ പേപ്പര്‍ ഫാക്ടറിയില്‍ ആദ്യം കയറിയതും 11 പേരെ രക്ഷിച്ചതും രാജേഷ് ശുക്ലയാണെന്ന് സത്യേന്ദര്‍ ജെയിന്‍ ട്വീറ്റ് ചെയ്തു. രാജേഷ് ശുക്ലയാണ് യഥാര്‍ഥ ഹീറോയെന്നും മന്ത്രി പറയുന്നു. എല്ലിന് പരുക്കേല്‍ക്കുന്ന നിമിഷം വരെ രാജേഷ് കര്‍മനിരതനായിരുന്നു എന്നും അദ്ദേഹത്തിന്റെ അസാമാന്യ ധീരതയ്ക്ക് സല്യൂട്ട് നല്‍കുന്നു എന്നും സത്യേന്ദര്‍ പറഞ്ഞു.

Read Also: വിഷ്‌ണുവിന് ഇനി ഐശ്വര്യ കൂട്ട്; ‘സഹോ’യ്ക്ക് ആശംസകളുമായി ധര്‍മജന്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് കാലുകള്‍ക്കും പരുക്കേറ്റ രാജേഷ് ശുക്ലയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തി മന്ത്രി രാജേഷ് ശുക്ലയെ കണ്ടു. അമ്പതോളം പേരെ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് വിവരം.

ഝാൻസി റോഡിലുള്ള സ്കൂൾ ബാഗുകളും കുപ്പികളും നിർമിക്കുന്ന പേപ്പർ ഫാക്ടറിയിലാണ് പുലർച്ചെ അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്. 30ലധികം അഗ്നിശമന സേന യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താനും ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook