scorecardresearch
Latest News

ചരിത്രത്തില്‍ ആദ്യം: സ്കൂളുകളും ആശുപത്രികളും വേണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റ് ലഘുലേഖ

ഡോക്ടര്‍മാരേയും അധ്യാപകരേയും ജനങ്ങള്‍ക്ക് വേണ്ടി നിയമിക്കണമെന്നും ആവശ്യപ്പെട്ടു

maoist, ie malayalam

ബിജാപൂര്‍: തങ്ങളുടെ പ്രദേശത്ത് സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ പാമേദ് പ്രദേശത്ത് നിന്നുളള മാവോയിസ്റ്റുകള്‍. കൂടാതെ ഡോക്ടര്‍മാരേയും അധ്യാപകരേയും ജനങ്ങള്‍ക്ക് വേണ്ടി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ പുറത്തിറക്കിയ ലഘുലേഖയിലാണ് ഇത് ആവശ്യപ്പെടുന്നത്. ‘ഞങ്ങളുടെ പ്രദേശത്ത് സ്കൂളുകളും ആശുപത്രികളും ഹോസ്റ്റലുകളും നിര്‍മ്മിക്കണം. സര്‍ക്കാര്‍ അധ്യാപകരേയും ഡോക്ടര്‍മാരേയും നിയമിക്കുകയും വേണം,’ ലഘുലേഖയില്‍ പറയുന്നു.

ബിജാപൂരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലഘുലേഖ പുറത്ത് വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പ്രദേശത്തെ ജനങ്ങളെ കൂടെ നിര്‍ത്താനുളള മാവോയിസ്റ്റ് തന്ത്രമായാണ് പൊലീസ് ഇതിനെ നോക്കിക്കാണുന്നത്. ഇവ കൂടാതെ മറ്റ് പല ആവശ്യങ്ങളും ലഘുലേഖയിലുണ്ട്. തൊഴില്‍ അവസരമൊരുക്കുക, വായ്പ എഴുതി തളളുക, കര്‍ഷകര്‍ക്ക് ആനുകൂല്യം, പെന്‍ഷന്‍, അടച്ച സ്കൂളുകള്‍ തുറക്കുക തുടങ്ങി 17ഓളം ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

ഇത് ആദ്യമായാണ് രാജ്യത്ത് മാവോയിസ്റ്റുകള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് ലഘുലേഖ പുറത്തിറക്കുന്നത്. ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാനുളള ശ്രമമായിരിക്കാം ഇതെന്നാണ് നിഗമനം. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന മാവോയിസ്റ്റ് ലഘുലേഖ മുമ്പ് കണ്ടിട്ടില്ലെന്ന് ബിജാപൂര്‍ പ്രസ് ക്ലബ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ ഗണേഷ് മിശ്ര പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: First time maoist pamphlet calls for hospitals schools hostels