ജയ്‌പൂര്‍: എച്ച്ഐവിക്കുള്ള മരുന്ന് കൊറോണ രോഗികളില്‍ പ്രയോഗിച്ച് ഇന്ത്യ. ജയ്‌പൂരില്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ട് ഇറ്റലിക്കാര്‍ക്കാണ് ലോപിനാവിര്‍, റിതോനാവിര്‍ സംയുക്തം മരുന്നായി നല്‍കിയത്. ഇന്ത്യയില്‍ വിനോദയാത്രയ്‌ക്കെത്തിയ ദമ്പതികളാണിവര്‍. മരുന്ന് നല്‍കുന്നതിന് മുമ്പ് രോഗികളുടെ അനുവാദം വാങ്ങിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

കോവിഡ് രോഗികളില്‍ എച്ച്ഐവി മരുന്ന് പ്രയോഗിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി വാങ്ങിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ വർധന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിയന്ത്രണങ്ങളോടെ അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികളില്‍ ഈ സംയുക്തം ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: കൊറോണ: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിൽ

മരുന്ന് ഫലിക്കുന്നുണ്ടോയെന്ന് പറയാനുള്ള സമയം ആയിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഈ മരുന്ന് ചൈനയില്‍ ഉപയോഗിച്ചിരുന്നു. ഇത് കൃത്യം ഒരു പുതിയ മരുന്നല്ല. ഇതിന് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. നിലവിലെ ഒരു മരുന്നിന്റെ പുതിയ ഉപയോഗമായതിനാല്‍ രോഗികളുടെ അനുവാദം വാങ്ങേണ്ടതുണ്ട്, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജയ്പൂരില്‍ കൊറോണ വൈറസ് ബാധിതനായ 69 വയസ്സുകാരനെ വരുംദിവസങ്ങളില്‍ ആശുപത്രിയില്‍ നിന്നും വിടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ ബ്ലഡ് കൗണ്ട് വർധിക്കുന്നുണ്ട്. ന്യുമോണിയ കുറയുന്നുമുണ്ടെന്ന് ആരോഗ്യ, കുടുംബ ക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook