ന്യൂഡല്‍ഹി: നിയന്ത്രണ രേഖ മറി കടന്ന് പാക് അധീനതയിലുള്ള മേഖലകളില്‍ ഇന്ത്യന്‍ വ്യോസേനയുടെ ആക്രമണം. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചെന്ന് പാക്കിസ്ഥാന്‍. മുസാഫറാബാദ് മേഖലയിലാണ് അതിര്‍ത്തി കടന്ന് ഇന്ത്യ തിരിച്ചടി നല്‍കിയത്. പാക് വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇത് ആദ്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും സമയോജിതമായ പ്രതികരണമുണ്ടായതിനാല്‍ വിമാനം തിരിച്ചു പോയെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എന്നാല്‍ പിന്നീട് പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് വ്യക്തമാവുകയായിരുന്നു.

ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ബാലാകോട്ട്, ചക്കോത്തി, മുസാഫറാബാദ് മേഖലകളിലെ ഭീകരകേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയതെന്നും ജെയ്‌ഷെയുടെ കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

IAF Air Strike in Pakistan LIVE Updates:

പുലര്‍ച്ച മൂന്നരയോടെയാണ് ഇന്ത്യയുടെ തിരിച്ചടിയുണ്ടായതെന്നും മിറാഷ് 2000 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 വിമാനങ്ങളുടെ സഹായത്തോടെ ആയിരം കിലോയോളം ബോംബ് ഭീകരരുടെ ക്യാമ്പുകളില്‍ നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.

പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. രാവിലെ ഏഴ് മണിയോടെയായിരുന്നു മീറ്റിങ്. ക്യാബിനറ്റ് യോഗവും വിളിച്ചിട്ടുണ്ട്. വ്യോമസേനയ്ക്ക് ജാഗ്രതാ നിർദേശം നല്‍കിയതായും അതിര്‍ത്തിയില്‍ സേന സജ്ജരാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക് വ്യോമസേനയുടെ ഭാഗത്തു നിന്നുമുള്ള ഏത് ആക്രമണത്തേയും ചെറുക്കാന്‍ സജ്ജമാണ് ഇന്ത്യ.

അതേസമയം, വ്യോമസേന ഔദ്യോഗികമായി ഇതുവരേയും തിരിച്ചടി സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്തും വിദേശകാര്യ സഹമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍, മമത ബാനര്‍ജി തുടങ്ങിയവരും വ്യോമസേനയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, 1971 കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക് അധീനതയിലുള്ള മേഖലയില്‍ ഇന്ത്യ വ്യോമസേനയെ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. 1999 ല്‍ വ്യോമസേനയെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഉപയോഗിക്കാനായിരുന്നു വാജ്‌പേയ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook