ബെംഗളൂരു : ബിജെപിയേയും ആര്‍എസ്എസ്സിനെയും അധികാരത്തില്‍ നിന്നകറ്റുന്നതിന്റെ ആദ്യപടിയാകട്ടെ കര്‍ണാടകമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനമായി മാറിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രി പരമേശ്വരയുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു സീതാറാം യെച്ചൂരിയുടെ അഭിപ്രായപ്രകടനം.

കര്‍ണാടകത്തിലെ ജനങ്ങളെ അനുമോദിച്ച സിപിഎം ജനറല്‍സെക്രട്ടറി, രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തോടൊപ്പം നില്‍ക്കുന്നു എന്നും അറിയിക്കുന്നു. കോണ്‍ഗ്രസുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി സിപിഎം ജനറല്‍ സെക്രട്ടറി വേദി പങ്കിടുന്നതും പ്രതിപക്ഷ ഐക്യമെന്ന ആശയം മുന്നോട്ടുവെക്കുന്നതും.


വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത ചടങ്ങ് സംഘപരിവാര്‍ ഇതര പാര്‍ട്ടികളുടെ ഐക്യത്തിനും വേദിയായി.എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ നേതാവ് ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, രാഷ്ട്രീയ ലോക്‌ദള്‍ നേതാവ് അജിത്‌ സിങ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് വിധാന്‍ സൗധയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.

നിയുക്ത കര്‍ണാടക മന്ത്രിസഭയില്‍ ജെഡിഎസിന് 12 മന്ത്രിമാരും കോണ്‍ഗ്രസിന് 22 മന്ത്രിമാരെയുമാകും ലഭിക്കുക എന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ