ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. ജൂലൈ 26 വരെയാണ് ആദ്യ ലോക്‌സഭാ സമ്മേളനം നടക്കുക. ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുള്ള സമയമാണ്. 542 പേര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ അക്ഷരമാലാ ക്രമത്തില്‍ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചു. മുത്തലാഖ് ബിൽ പോലെ നിര്‍ണായകമായ പല ബില്ലുകളും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകാനാണ് സാധ്യത.
ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിര്‍ണായക ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ സഹകരണം മോദി അഭ്യർഥിച്ചു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 19 ന് എല്ലാ പാര്‍ട്ടികളുടെയും യോഗം ഒരിക്കല്‍ കൂടി ചേരും.
Read Also: ദൃശ്യങ്ങള്‍ സംസാരിക്കുന്നു; വിരാട് കോഹ്‌ലിയുടേത് വിക്കറ്റല്ല, തീരുമാനം തെറ്റ്
ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ബില്ലുകളെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രോടേം സ്പീക്കര്‍ വീരേന്ദ്ര കുമാറിന്റെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ജൂണ്‍ 19, 20 തീയതികളിലായി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ നാലിനായിരിക്കും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും ലോക്സഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത നിരാശയിലാണ് കോൺഗ്രസ്. സമ്മേളനം ആരംഭിക്കും മുമ്പ് കക്ഷി നേതാവിനെ കണ്ടെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്.
Read Also: Ex.MP യുടെ കാര്‍ ഫോട്ടോഷോപ്പ്; വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് മുക്കി
ആകെയുള്ള 542 സീറ്റുകളിൽ 303 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 2014 ൽ ബിജെപിക്ക് ആകെയുണ്ടായിരുന്ന സീറ്റ് 282 ആയിരുന്നു. ഇത്തവണ അത് വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ തവണ 44 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 52ലേയ്ക്കും യുപിഎ 59ല്‍ നിന്ന് 91 സീറ്റിലേയ്ക്കും നില മെച്ചപ്പെടുത്തിയെങ്കിലും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.