ന്യൂഡൽഹി: കോവിഡ് വാക്സിനായ കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് പഠനം. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് കോവാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്.
ജനുവരി 16 ന്, ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ഇന്ത്യ കോവിഡ് വാക്സിൻ നൽകി തുടങ്ങിയ സമയത്ത്, എയിംസ് 23,000 ജീവനക്കാർക്ക് കോവാക്സിൻ നൽകിയിരുന്നു. 2,714 പേരിലാണ് പഠനം നടത്തിയത്. ഇതിൽ വാക്സിൻ സ്വീകരിച്ചശേഷവും 1,617 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി പഠനം പറയുന്നു. കോവാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിലും ഫലപ്രാപ്തി 50 ശതമാനമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠനങ്ങൾ. എന്നാൽ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പിടിമുറുക്കിയ ഡെൽറ്റ വകഭേദമാകാം കുറഞ്ഞ ഫലപ്രാപ്തിക്ക് കാരണമെന്നാണ് ഗേഷകർ പറയുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ ഒട്ടുമിക്ക വാക്സിനുകളുടെയും ഫലപ്രാപ്തി കുറവാണെന്ന് ഗവേഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെയാണ് കോവാക്സിന് യുകെ അംഗീകാരം നൽകിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച രണ്ടാമത്തെ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. രണ്ടു ഡോസ് കോവാക്സിൻ സ്വീകരിച്ചവർക്കു യുകെയിലേക്കുള്ള യാത്രയ്ക്കു മുൻപു ഇനി പിസിആർ പരിശോധന വേണ്ട. യുകെയിൽ ക്വാറന്റീനും ആവശ്യമില്ല. കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More: ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന്റ ഫലപ്രാപ്തി: പഠന ഫലം വ്യക്തമാക്കുന്നത്