ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ് സര്‍വിസ് വന്‍ ലാഭത്തില്‍. സര്‍വിസ് ആരംഭിച്ച് 21 ദിവസത്തിനുള്ളില്‍ ട്രെയിന്‍ നേടിയതു 70 ലക്ഷം രൂപയുടെ ലാഭം.
ലക്നൗ-ഡല്‍ഹി റൂട്ടിലോടുന്ന തേജസ് എക്സ്പ്രസ് ഒക്ടോബര്‍ അഞ്ചിനാണു സര്‍വിസ് ആരംഭിച്ചത്. അന്നു മുതല്‍ 28 വരെയുള്ള 21 സര്‍വിസ് ദിനങ്ങളില്‍ 3.70 കോടി രൂപയാണു ടിക്കറ്റ് വില്‍പ്പന വരുമാനം. മൂന്നു കോടി രൂപ പ്രവര്‍ത്തനച്ചെലവ് കിഴിക്കുമ്പോള്‍ ലാഭം 70 ലക്ഷം.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) ഉടയമസ്ഥതയിലുള്ള തേജസ് എക്സ്പ്രസ് ആഴ്ചയില്‍ ആറു ദിവസമാണ് ഓടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സഹസ്ഥാപനമാണ് ഐആര്‍സിടിസി.
രാജ്യത്തെ 50 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും സ്വകാര്യമേഖലയില്‍ 150 ട്രെയിനുകള്‍ അനുവദിക്കാനുമുള്ള നയത്തിന്റെ ഭാഗമായാണ് റെയില്‍വേ തേജസ് എക്സ്പ്രസിനു പച്ചക്കൊടി കാണിച്ചത്.
സര്‍വിസ് ആരംഭിച്ചതു മുതല്‍ ശരാശരി 80-85 ശതമാനം സീറ്റ് ബുക്കിങ്ങുണ്ട് തേജസിന്. ശരാശരി 17.50 ലക്ഷം രൂപയാണു ദിവസ ടിക്കറ്റ് വില്‍പ്പന വരുമാനം. 14 ലക്ഷം രൂപയാണു പ്രവര്‍ത്തന ചെലവ്.
25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം, ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങള്‍ തേജസ് എക്സ്പ്രസ് യാത്രയ്ക്ക് ഐആര്‍ടിസി ഉറപ്പുനല്‍കുന്നുണ്ട്. ട്രെയിന്‍ വൈകിയാല്‍ മണിക്കൂറിനു 100 രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നാണു റെയില്‍വേയുടെ പ്രഖ്യാപനം. രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരം 250 രൂപയായി വര്‍ധിക്കും.
ഒക്ടോബര്‍ 19നു ട്രെയിന്‍ വൈകിയതിനെത്തുടര്‍ന്നു ഓരോ യാത്രക്കാരനും 250 രൂപ വീതം റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മൂന്നു മണിക്കൂറിലധികം ട്രെയിന്‍ വൈകിയതിന് ഇരു റൂട്ടിലുമായി 950 യാത്രക്കാര്‍ക്കായി 1.62 ലക്ഷം രൂപയാണു റെയില്‍വേ പ്രഖ്യാപിച്ചത്.
6.15 മണിക്കൂറാണു തേജസിന്റെ യാത്രാ സമയം. ലക്നൗവില്‍നിന്ന് രാവിലെ 6.10നു പുറപ്പെടുന്ന തേജസ് ഉച്ചയ്ക്ക് 12.25നു ഡല്‍ഹിയിലെത്തും. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നു 19നു രാവിലെ 9.55നാണു ട്രെയിന്‍ പുറപ്പെട്ടത്. ഡല്‍ഹിയിലെത്തിയതു വൈകിട്ട് 3.40നും. തിരികെ വൈകിട്ട് 3.35നു പുറപ്പെട്ട് 10.05ന് ലക്നൗവിലേത്തേണ്ട തേജസിന് 5.30നാണു യാത്ര ആരംഭിക്കാനായത്. ലക്നൗവില്‍ എത്തിയതാകട്ടെ രാത്രി 11.30നും.
Read Also: സ്വകാര്യ പങ്കാളിത്തത്തോടെ ഓടുന്ന ആദ്യ ട്രെയിനാവാന് ഡല്‍ഹി-ലക്നൗ തേജസ് എക്സ്പ്രസ്
മികച്ച നിലവാരത്തിലുള്ള കോച്ചുകളാണു തേജസ് ട്രെയിനിലേത്. സിസിടിവി, എല്‍ഇഡി ടിവി, ബയോ ടോയ്ലറ്റ്, റീഡിങ് പോയിന്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യമാണ്. കുടിവെള്ളവും നല്‍കുന്നുണ്ട്.
ലഖ്നൗ-ഡല്‍ഹി റൂട്ടിനു പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. തല്‍ക്കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇളവ് ഉള്‍പ്പെടെയുള്ള യാത്രാസൗജന്യങ്ങളൊന്നും ആഡംബര ട്രെയിനായ തേജസിലില്ല.