ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28 ന് തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള പുതിയ കെട്ടിടത്തില്‍ ലോക്സഭയില്‍ 888 എംപിമാരെയും രാജ്യസഭയില്‍ 300 എംപിമാരെയും ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവിലുള്ള 543, 250 എംപിമാരെയാണ് ഇരുസഭകളിലുമായി ഉള്‍ക്കൊള്ളാനാകുന്നത്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം നിര്‍വഹിക്കുക. എന്നാല്‍, ഉദ്ഘാടനം ഒറ്റക്കെട്ടായി ബഹരിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എഎപി, ജെഡിയു, ഡിഎംകെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെഎംഎം, എന്‍സി, ആര്‍എല്‍ഡി, ആര്‍എസ്പി, വിസികെ, എംഡിഎംകെ എന്നീ 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി.

പാര്‍ലമെന്റിന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘനമാണ് ഇതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചു. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അപമാനിക്കലാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മെയ് 28ന് രാവിലെ 7.30ന് പ്രത്യേക പൂജകളോടെയാണ് ആദ്യ ഘട്ട ചടങ്ങുകള്‍ ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുക്കും. പൂജയ്ക്കു ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും.12 മണിക്ക് ദേശീയ ഗാനത്തോടെ രണ്ടാം ഘട്ട ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാധ്യക്ഷന്‍ വായിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും.

അതേസമയം പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഇക്കാര്യം പരിശോധിക്കുന്നത് കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള അധികാരം എക്‌സിക്യൂട്ടീവിന് നല്‍കാന്‍ ഒരു നിയമവും പറയുന്നില്ലെന്ന് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ സിആര്‍ ജയ സുകിന്‍ ബെഞ്ചിനെ അറിയിച്ചു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതില്‍ രാഷ്ട്രപതിയുടെ പങ്ക് ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. എന്നാല്‍ അത് ഉദ്ഘാടനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.
