മുംബൈ: വാനനിരീക്ഷകർക്ക് ആഹ്ലാദം പകർന്നുകൊണ്ട് 2017ലെ ആദ്യത്തെ ചന്ദ്രഗ്രഹണം ശനിയാഴ്ച്ച രാവിലെ നടക്കും. അതിരാവിലെ 4:02:02ന് തുടങ്ങുന്ന ഗ്രഹണം ഫെബ്രുവരി 11ന് രാവിലെ 8:25:05 വരെ തുടരും. പ്രത്യേക ഉപകരണങ്ങളില്ലാതെ തന്നെ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ വീക്ഷിക്കാനാകുമെന്ന് ജിവാജി വാനനിരീക്ഷണാലയത്തിന്റെ സൂപ്രണ്ട് രാജേന്ദ്ര പ്രകാശ് ഗുപ്ത വ്യക്തമാക്കി. മങ്ങിയ രീതിയിലായിരിക്കും നാളെ ചന്ദ്രന് പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോൾ ഇത് സംഭവിക്കും. പൗർണ്ണമി ദിനത്തിലും അമാവാസി ദിനത്തിലും ഈ ഗോളങ്ങൾ നേർരേഖയിൽ വരും. എന്നാൽ ഭൂമിയും സൂര്യനും ഉൾക്കൊളളുന്ന പ്രതലത്തെ അപേക്ഷിച്ച് ഭൂമിയും ചന്ദ്രനും ഉൾപ്പെടുന്ന പ്രതലം അഞ്ച് ഡിഗ്രി ചരിഞ്ഞിരിക്കുന്നതിനാൽ എല്ലാ പൗർണ്ണമി ദിനങ്ങളിലും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കാറില്ല. അതുകൊണ്ട് തന്നെ ഗ്രഹണങ്ങൾ അപൂർവ്വ പ്രതിഭാസങ്ങളാകുന്നു.