ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ എല്ലാ മന്ത്രിമാരോടും സ്വത്ത് വിവരം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്. 15 ദിവസത്തിനുളളിൽ വരുമാനം സംബന്ധിച്ച മുഴുവൻ വിവരവും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും പാർട്ടിക്കും കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക് ഭവനിൽ മന്ത്രിമാരുമായുളള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

അഴിമതി തുടച്ചുനീക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അതേ മാതൃക പിന്തുടരുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരോട് വരുമാനം വെളിപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യോഗത്തിനുശേഷം ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാരും പാർട്ടിയുമായും പരസ്പര സഹകരണം വേണം. എങ്കിൽ മാത്രമേ സർക്കാരിന്റെ പ്രവർത്തനം താഴെത്തട്ടിൽ എത്തൂവെന്നും മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അഴിമതി തുടച്ചുനീക്കുകയാണ് ഈ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നായിരുന്നു ലോക് ഭവനിൽ മന്ത്രിമാരുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം യോഗി ആദിത്യനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഴുവൻ വാഗ്‌ദാനങ്ങളും ഈ സർക്കാർ നിറവേറ്റും. സംസ്ഥാനത്തിന്റെ ഉയർച്ചയ്ക്കും വികസനത്തിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ15 വർഷമായി യുപിയിൽ നടമാടിയിരുന്നത്. ക്രമസമാധാനനില തകർന്നതുമൂലം ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചു. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ട എല്ലാ നടപടികളും ഉടൻതന്നെ സർക്കാർ സ്വീകരിക്കും. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തും. ജനങ്ങളുടെ ക്ഷേമത്തിനായാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഒരു വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കായും പ്രവർത്തിക്കും. സർക്കാരും ഭരണകൂടവും ഉത്തരവാദിത്തത്തോടെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം 18 മണിക്കൂർ ജോലി ചെയ്യുന്ന നരേന്ദ്ര മോദിയുടെ അതേ മാതൃക പിന്തുടരണമെന്ന് മന്ത്രിമാരോട് യോഗത്തിൽ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ