തമിഴ് ജനതയ്ക്ക് ‘അമ്മ’യുടെ സ്‌നേഹം നഷ്ടമായിട്ട് ഒരു വര്‍ഷം. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ നേതാക്കന്മാരിലൊരാളായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഓര്‍മ്മയിലാണ് തമിഴകം. മൂന്നു പതിറ്റാണ്ടിന്റെ ദ്രാവിഡ രാഷ്ട്രീയത്തെ തന്റെ വിരല്‍തുമ്പില്‍ നയിച്ച ജയലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ത്ഥനകളും നടത്താനും പദ്ധതിയുണ്ട്.

2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയാണ് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ജയയുടെ മരണം സ്ഥിരീകരിച്ചത്. ആ രാത്രി ഒരു നാടിന് നഷ്ടമായത് പകുതിയിലേറെ ജീവനാണ്. സ്‌നേഹിച്ചാല്‍ കോവില്‍ തന്നെ കെട്ടിപ്പൊക്കുന്ന തമിഴരുടെ കറയില്ലാത്ത കണ്ണീർ ആ നാടിനെ നനച്ചു.

ജയലളിത ഒരു നാടിന്റെ മുഴുവന്‍ അമ്മയായത് അത്ര എളുപ്പത്തിലായിരുന്നില്ല. തമിഴ്‌നാടിന്റെ ഏതെങ്കിലും പാതയോരത്ത് പോയി നിന്നാല്‍ കാണാം ‘അമ്മ’മുഖമുള്ള ടെലിവിഷനോ മിക്‌സിയോ ഫാനോ, അമ്മ മണമുള്ള ഭക്ഷണ ശാലയോ, മെഡിക്കല്‍ ഷോപ്പുകളോ ഒക്കെ. തമിഴ് സ്ത്രീകള്‍ താലിമാലയ്‌ക്കൊപ്പം അമ്മയുടെ ചിത്രമുള്ള ലോക്കറ്റും കഴുത്തിലിട്ടു. അവരൊരിക്കലും ആള്‍ദൈവമായിരുന്നില്ല. എന്നാല്‍ തമിഴ്‌നാടിന്റെ കണ്‍കണ്ട ദൈവമായിരുന്നു. കൃത്യമായ രാഷ്ട്രീയമുള്ള നേതാവ്.

1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിന്റേയും വേദവല്ലിയുടേയും മകളായി കോമള വല്ലിയെന്ന ജയലളിത ജനിക്കുന്നത്. ജയലളിതയ്ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ജയറാം അന്തരിച്ചു. പിതാവിന്റെ മരണം കോമളവല്ലിയുടേയും അമ്മയുടേയും ജീവിതത്തെ പിടിച്ചുലച്ചു. രണ്ട് വയസ്സുകാരിയുടെ കൈ പിടിച്ച് കോമളവല്ലി ആദ്യം ബെംഗളരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറി.

സിനിമ ജയലളിതയ്ക്ക് ജീവിതോപാധിയായിരുന്നു. എപ്പിസില്‍ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 1965 ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈയായിരുന്നു ജയലളിതയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് നിരവധി തമിഴ് തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചു. അരപ്പാവാടയണിഞ്ഞ് അഭിനയിക്കാന്‍ ധൈര്യം കാണിച്ച ആദ്യ തമിഴ് നടിയായിരുന്നു ജയലളിത. സിനിമാ ലോകമാണ് കോമളവല്ലിയെ ജയലളിതയാക്കിയത്. പൊടുന്നനെ തന്നെ തമിഴ് സിനിമാ രംഗത്ത് ശ്രദ്ധേയയായ ജയലളിത എംജിആറിന്റേയും ശിവാജി ഗണേശന്റേയുമൊക്കെ നായികയായി. അറുപതുകളിലും എഴുപതുകളിലും എംജിആറിനൊപ്പം നായികയായി ജയലളിത നിറഞ്ഞ് നിന്നു.

1982ലായിരുന്നു ജയലളിത രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പെട്ടെന്ന് തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് ജയലളിത എത്തി. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്നവരുടെ പെരുന്തച്ചന്‍ കോംപ്ലക്‌സിന് ജയലളിത പാത്രമായി. പാര്‍ട്ടിയുടെ പ്രചരണ വിഭാഗത്തിന്റെ ചുമതലയായിരുന്നു ജയലളിതയ്ക്ക് ആദ്യം ലഭിച്ചത്. തൊട്ടടുത്ത് നടന്ന 1983 ലെ ഉപതിരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ ജയലളിത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവുകയും വിജയം നേടുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം തന്നെ രാജ്യസഭ അംഗവുമായി. രണ്ട് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനത്ത് ജയലളിത എത്തി.

ജയലളിതയുടെ വളര്‍ച്ച പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ഭിന്നതയ്ക്ക് തുടക്കം കുറിച്ചു. 1987 ല്‍ എംജിആര്‍ മരിച്ചതോടെ എതിര്‍ വിഭാഗം ജയലളിതയെ ആക്രമിക്കാന്‍ ആരംഭിച്ചു. എംജിആറിന്റെ വിധവയായ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍ വിഭാഗത്തിന് സാധിച്ചു. എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്നും കണ്ണീരില്‍ കുതിര്‍ന്ന് ഇറങ്ങിപ്പോയ ജയലളിതയുടെ, മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയില്‍ ചവിട്ടി നടന്നത് പൂവിരിച്ച വഴികളിലൂടെയായിരുന്നില്ല. കല്ലും മുള്ളും താണ്ടി ഹൃദയകാഠിന്യമുള്ള ഒരുവളിലേക്കുള്ള യാത്രകൂടിയായിരുന്നു അത്.

പിന്നീട് തമിഴ്സിനിമാ തിരക്കഥയെ വെല്ലുന്ന തിരക്കഥ പോലെ ജയലളിത അധികാര പടവുകള്‍ ചവിട്ടിക്കയറി തിരികെ വന്നു. ഡിഎംകെയുടെ ഭരണകാലത്ത് പാര്‍ട്ടിയ്ക്കുള്ളിലെ തന്റെ സ്ഥാനം തിരിച്ചുപിടിച്ചു. ജാനകി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയതോടെ ജയലളിത തന്റെ സ്ഥാനം ഉറപ്പിച്ചു. 1991 ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പിലെ തിളക്കം ജയലളിതയ്ക്ക് ഭരണത്തില്‍ കാഴ്ച വയ്ക്കാനായില്ല.

അധികാരത്തിലിരുന്ന കാലമത്രയും അഴിമതി മുഖം മിനുക്കാതെ ജയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 2015 ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കർണാടക ഹൈക്കോടതി ജയലളിതയെ വെറുതെ വിട്ടതോടെ മെയ് 23 ന് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക്. അയോഗ്യയായിരുന്നതിനാല്‍ ഡോ.രാധാകൃഷ്ണന്‍ നഗറില്‍ നിന്നും ജയലളിത 2015 ജൂണ്‍ 27 ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച വിജയം കൈവരിച്ച അമ്മ 2016 മെയ് 23 ന് തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു. സെപ്റ്റംബര്‍ 22 നായിരുന്നു ജയലളിതയെ കഠിനമായ പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇക്കാലയളില്‍ പനീര്‍ശെല്‍വമാണ് ഭരണം നിര്‍വ്വഹിച്ചിരുന്നത്.

സ്വേച്ഛാധിപതിയായിരുന്നു, അഴിമതിയാരോപണങ്ങളുണ്ടായിരുന്നു, അഴിക്കുള്ളില്‍ കിടന്നിട്ടുമുണ്ട്. പക്ഷെ അവര്‍ ‘അമ്മ’യായിരുന്നു. ഹൃദയത്തില്‍ തട്ടി ഒരു ജനത അവരെ വിളിച്ച പേരായിരുന്നു അത്. തീര്‍ച്ചയായും ജയലളിത ഒരു നല്ല മാതൃകയായിരുന്നില്ല, പക്ഷെ രാഷ്ട്രീയത്തിലെ പെണ്‍കരുത്തിന് അവരൊരു സാക്ഷ്യം തന്നെയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ