ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത് വിടവാങ്ങിയത് 41 വര്‍ഷത്തെ സംഭവബഹുലമായ സേവനത്തിനൊടുവില്‍. സൈനിക ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ ഭാഗമായ ബിപിന്‍ റാവത്ത്, തന്റെ കാലത്തെ ഏറ്റവും പ്രശസ്തനായ സൈനികരിലൊരാളായിരുന്നു.
അറുപത്തി മൂന്നുകാരനായ ബിപിന്‍ റാവത്ത് 2019 ഡിസംബര്‍ 31നാണ് കരസേനാ മേധാവി സ്ഥാനത്തുനിന്നു വിരമിച്ചത്. തുടര്‍ന്ന് 2020 ജനുവരി ഒന്നിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) സൈനിക മേധാവിയായി ചുമതലയേൽക്കുകയായിരുന്നു.
സിഡിഎസ് എന്ന നിലയില്‍ ബിപിന്‍ റാവത്ത് നാവിക, വ്യോമ, കര സേനകളുടെ തലവന്മാരായ മറ്റ് ചതുര്‍ നക്ഷത്ര സൈനിക ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന റാങ്ക് നേടി. പ്രതിരോധ മന്ത്രാലയത്തിലെ സൈനികകാര്യ വകുപ്പിന്റെ തലവനായിരുന്നു അദ്ദേഹം. സേനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രതിരോധ മന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവുമായിരുന്നു.
Also Read: ഹെലികോപ്റ്റർ അപകടം: ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി സ്ഥിരീകരണം
ഊട്ടി കൂനൂരിനു സമീപം വ്യോമസേനയുടെ എംഐ-17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്ന് ബെിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരുടെ മരണമാണ് സ്ഥികരീച്ചിരിക്കുന്നത്. ഇരുവരെയും കൂടാതെ റാവത്തിന്റെ സ്റ്റാഫുകളായ സൈനിക ഉദ്യോഗസ്ഥരും പൈലറ്റുമാരും ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ റാവത്തിന്റെ സ്റ്റാഫിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറും ഉള്‍പ്പെടുന്നു.
കരസേനയുടെ ഇരുപത്തിയേഴാമത് മേധാവിയെന്ന നിലയില്‍ 2016 ഡിസംബര്‍ 31 മുതല്‍ 2019 ഡിസംബര്‍ 31 വരെയായിരുന്നു ബിപിന്‍ റാവത്തിന്റെ സേവനം. ഭാവിയിലെ യുദ്ധങ്ങള്‍ സജ്ജമാക്കുന്നതിനു കരസേനയെ പുനഃസംഘടിപ്പിക്കുന്നതും സൈനികരുടെ എണ്ണം കുറയ്ക്കുന്നതും സംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ച അദ്ദേഹം സന്തോഷത്തോടെയും സൗഹൃദത്തോടെയും ഇടപെടുന്ന, വളച്ചുകെട്ടില്ലാത്ത സംസാരിക്കുന്ന ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നത്. ഭാവിയിലെ യുദ്ധങ്ങള്‍. വലിയ ബ്രിഗേഡുകള്‍ പോലെയുള്ള, ചടുലവും പോരാട്ടഘട്ടനയില്‍ സ്വയം പര്യാപ്തവുമായ സംയോജിത യുദ്ധ സംഘങ്ങളുടെ സൃഷ്ടിയാണ് അദ്ദേഹം തുടക്കമിട്ട മറ്റൊരു പരിഷ്‌കാരം.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി(ഐഎംഎ)യില്‍നിന്ന് ബിരുദം നേടിയ ബിപിന്‍ റാവത്ത് 1978 ഡിസംബറിലാണ് കരസേനയുടെ ഭാഗമായത്. പതിനൊന്നാം ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണു കമ്മിഷന്‍ ചെയ്യപ്പെട്ടത്. തന്റെ ബാച്ചിന്റെ നയിച്ച അദ്ദേഹം മികച്ച പ്രകടനത്തിനുള്ള സോഡ് ബഹുമതിയോടെയാണ് ഐഎംഎയില്‍നിന്നു പുറത്തിറങ്ങിയത്.
കരസേനാ ഉപമേധാവിയായി വിരമിച്ച പിതാവ് ലഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിങ് റാവത്ത് നേതൃത്വം നല്‍കിയതു കൂടിയായിരുന്നു ബിപിന്‍ റാവത്ത് കമ്മിഷന്‍ ചെയ്യപ്പെട്ട അഞ്ചാം ബറ്റാലിയന്‍. മുത്തച്ഛനും കരസേനയുടെ ഭാഗമായിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയായ റാവത്ത് ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലെയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ഊട്ടി വെല്ലിങ് ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, ഹയര്‍ കമാന്‍ഡ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലും പഠനം നടത്തി. അമേരിക്കയിലെ ഫോര്‍ട്ട് ലെവന്‍വര്‍ത്തിലെ കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോഴ്സ് പൂര്‍ത്തിയാക്കി.
Also Read: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന; പ്രതിരോധ മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും
കിഴക്കന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കാലാള്‍പ്പട ബറ്റാലിയന്‍, രാഷ്ട്രീയ റൈഫിള്‍സ് സെക്ടര്‍, കശ്മീര്‍ താഴ്വരയിലെ കാലാള്‍പ്പട ഡിവിഷന്‍, വൈടക്കുകിഴക്കന്‍ മേഖയില്‍ കോര്‍പ്‌സ് എന്നിവയുടെ കമാന്‍ഡറായിരുന്നു. ലഫ്റ്റനന്റ് ജനറലായി വെസ്റ്റേണ്‍ കമാന്‍ഡിനെ നയിച്ച അദ്ദേഹം കരസേനാ ഉപമേധാവിയായും തുടര്‍ന്ന് മേധാവിയായും ഉയര്‍ത്തപ്പെട്ടു.
മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രാജ്യാന്തര സമാധാന സേനാ ബ്രിഗേഡിന്റെ കമാന്‍ഡറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, യുഷ് സേവാ മെഡല്‍, സേവാ മെഡല്‍, വിഎസ്എം, രണ്ടുതവണ കരസേനാ മേധാവിയുടെ പ്രശംസാപത്രം തുടങ്ങിയവ നേടിയിട്ടുണ്ട്.
മൂന്നു വര്‍ഷത്തേക്കാണു ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത്. 65 വയസാണു സിഡിഎസിന്റെ പ്രായപരിധി. സന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഏക ഉപദേശകനാണ് സിഡിഎസ് ഒപ്പം ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും. അതേസമയം, കര, വ്യോമ, നാവിക സേനകള്‍ക്കു മേലുള്ള കമാന്‍ഡിങ് പവര്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടാകില്ല.