ഇസ്രായേലിൽ ‘ഫ്ലോറോണ’ അഥവാ ഫ്ലൂവും കൊറോണയും ചേർന്ന രോഗം കണ്ടെത്തി. ഇൻഫ്ലുവൻസ വൈറസും സാർസ് കോവി 2 വൈറസും ഒരാളുടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അസുഖം ബാധിച്ചവരുടെ രോഗ പ്രതിരോധ ശേഷി വലിയ രീതിയിൽ തകരുമെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് വൈറസുകൾക്കും ഈ യുവതി വാക്സിൻ എടുത്തിരുന്നില്ലെന്ന് ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്യുന്നു.
ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളിൽ നിന്നുള്ള കേസുകളുടെ വർദ്ധനവിനിടെയാണ് പുതിയ രോഗബാധ കണ്ടെത്തുന്നത്. എന്നാൽ അതൊരു പുതിയ വേരിയന്റല്ല. ഒരേ സമയം പനിയും കൊറോണ വൈറസും ഉണ്ടാകുന്നത് സംബന്ധിച്ച് പഠനം തുടരുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇൻഫ്ലുവൻസ കേസുകൾ വർദ്ധിച്ചതായി ഇസ്രായേലി ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
What is Florona?– എന്താണ് ഫ്ലോറോണ?
“രണ്ട് രോഗങ്ങളും ഒരേ സമയം പിടിക്കാൻ സാധ്യതയുണ്ട്” എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. “ആശുപത്രിയിലും ഗുരുതരമായ കോവിഡ് -19, ഇൻഫ്ലുവൻസ എന്നിവ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രണ്ട് വാക്സിനുകൾ ഉപയോഗിച്ചുള്ള വാക്സിനേഷനാണ്,” ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.
Also Read: കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കോവിഡ്-19-നും പനിക്കും കാരണമാകുന്ന വൈറസുകൾ സമാനമായ രീതിയിൽ വ്യാപിക്കുന്നുവെന്ന് മയോക്ലിനിക്ക് വെബ്സൈറ്റിൽ പറയുന്നു. അവ രണ്ടും അടുത്ത സമ്പർക്കം പുലർത്തുന്ന (ആറടി അല്ലെങ്കിൽ രണ്ട് മീറ്ററിനുള്ളിൽ) ആളുകൾക്കിടയിൽ വ്യാപിക്കും. സംസാരത്തിലൂടെയോ തുമ്മലിലൂടെയോ ചുമയിലൂടെയോ പുറത്തുവിടുന്ന ശ്വസന തുള്ളികൾ അല്ലെങ്കിൽ എയറോസോൾ വഴി വൈറസുകൾ പടരുന്നു. ഈ തുള്ളികൾ അടുത്തുള്ള ഒരാളുടെ വായിലോ മൂക്കിലോ ഇറങ്ങുകയോ ശ്വസിക്കുകയോ ചെയ്യാം. ഒരു വ്യക്തി ഒരു വൈറസുള്ള ഒരു പ്രതലത്തിൽ സ്പർശിക്കുകയും തുടർന്ന് അവരുടെ വായ, മൂക്ക് അല്ലെങ്കിൽ കണ്ണ് എന്നിവ സ്പർശിക്കുകയും ചെയ്താൽ ഈ വൈറസുകൾ പടരും.
ഇവ ഗുരുതരമായി വേഗത്തിൽ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക-ഡയറക്‌ടർ ഡോ. ഷുചിൻ ബജാജ്, പരാമർശിക്കുന്നു.
“രണ്ട് വൈറസുകളും ശരീരത്തിൽ നാശം വിതച്ചേക്കാം, ഇത് മറ്റ് രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടാണ് ഇത് ആശങ്കാജനകമായത്,” ഡോ ബജാജ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
കോവിഡ് -19 ന്റെ കുതിച്ചുചാട്ടവും പനിയും ഒരുമിച്ച് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാമെന്ന് മയോക്ലിനിക് വബ്സൈറ്റിൽ പറയുന്നു. ഇവ ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, അവയവങ്ങളുടെ പരാജയം, ഹൃദയാഘാതം, ഹൃദയം അല്ലെങ്കിൽ മസ്തിഷ്ക വീക്കം, സ്ട്രോക്ക് എന്നിവയിലേക്കോ മരണത്തിലേക്കോ നയിക്കാമെന്നും വെബ്സൈറ്റിൽ പറയുന്നു.
രോഗനിർണയം
ഇൻഫ്ലുവൻസയ്ക്ക് മൂന്ന് മുതൽ നാല് ദിവസത്തിനിടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ രണ്ട് മുതൽ 14 ദിവസം വരെ എടുക്കും. ഇരു രോഗങ്ങളുടെയും ലക്ഷണങ്ങളിൽ ചുമയും ജലദോഷവും പനിയും മൂക്കൊലിപ്പും ഉൾപ്പെടുന്നുവെന്ന് ഗുരുഗ്രാമിലെ പാരസ് ഹോസ്പിറ്റലിലെ ഡോ പി വെങ്കട്ട് പറഞ്ഞു. സാമ്പിൾ പരിശോധനയ്ക്ക് അയക്കുമ്പോൾ മാത്രമേ വ്യത്യാസം മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പഞ്ഞു.
Also Read: വൻ നഗരങ്ങളിൽ ആർ വാല്യൂ ഒന്നിന് മുകളിൽ; രാജ്യത്ത് കോവിഡ് മൂന്നാം തരംഗമോ
“ഫ്ലു കണ്ടെത്താനായി ഒരു പിസിആർ ടെസ്റ്റ് നടത്തുന്നു, അവിടെ ഞങ്ങൾ വൈറസിന്റെ ആർഎൻഎ പരിശോധിക്കുന്നു. രണ്ട് വൈറസുകൾക്കും വ്യത്യസ്ത പിസിആർ ടെസ്റ്റുകൾ നടത്തുന്നു. രണ്ട് വൈറസുകളുടെയും ജനിതകരൂപങ്ങൾ വ്യത്യസ്തമാണ്. ലാബ് പരിശോധനകളിലൂടെ മാത്രമേ ഇത് വേർതിരിച്ചറിയാൻ കഴിയൂ, ”ഡോ വെങ്കട്ട് അഭിപ്രായപ്പെട്ടു.
പ്രതിരോധം
ഇൻഫ്ലുവൻസയിൽ നിന്നും ഗുരുതരമായ കോവിഡ് -19 ൽ നിന്നും സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഇൻഫ്ലുവൻസ, കോവിഡ് വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ എടുക്കുക എന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്പെടുന്നു.
മറ്റുള്ളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, അകലം പാലിക്കാൻ സാധിക്കാത്തപ്പോൾ നന്നായി ഘടിപ്പിച്ച മാസ്‌ക് ധരിക്കുക, തിരക്കേറിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളും ക്രമീകരണങ്ങളും ഒഴിവാക്കുക, ജനാലകൾ തുറക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ ആളുകൾ തുടർന്നും പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു. മുറികൾ നന്നായി വായുസഞ്ചാരമുള്ളതാക്കാനും നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാനും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.