ഫെര്‍ണാണ്ടോ ഡി നൊറോണ: പ്രസവം നിരോധിച്ച ബ്രസീലിലെ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ 12 വര്‍ഷത്തിന് ശേഷം കുഞ്ഞു ജനിച്ചു. ഫെര്‍ണാണ്ടോ ഡി നൊറോണയിലാണ് വെളളിയാഴ്ച്ച പെണ്‍കുഞ്ഞ് ജനിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് 22കാരിയായ യുവതി അധികതരെ അറിയിച്ചത്. കുടുംബത്തിനും ഇതിനെ കുറിച്ച് അറിവില്ലായിരുന്നെന്നും അറിയിച്ചിട്ടുണ്ട്.
ചെറു ദ്വീപായ ഇവിടെ പ്രസവിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ചിരുന്നു. അത്കൊണ്ട് തന്നെ ദ്വീപിലെ ആശുപത്രികളില്‍ ഗര്‍ഭിണികളെ ശുശ്രൂഷിക്കാനോ പ്രസവമെടുക്കാനോ സാധ്യമായ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. തുടര്‍ന്ന് വീട്ടില്‍ നിന്ന് തന്നെയാണ് യുവതി പ്രസവിച്ചത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നും യുവതി പറഞ്ഞു. വെളളിയാഴ്ച്ച രാത്രിയോടെ കുളിമുറിയില്‍ പോയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും പ്രസവം നടന്നതെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് തന്റെ ഭര്‍ത്താവാണ് പെണ്‍കുഞ്ഞിനെ കൈയിലെടുത്തതെന്നും ഇവര്‍ പറഞ്ഞു. വീട്ടിലാണ് പ്രസവം നടന്നതെന്ന് ദ്വീപ് ഭരണാധികാരികളും അറിയിച്ചിട്ടുണ്ട്. കുട്ടിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ അറിയിച്ചു. ‘ഗര്‍ഭിണിയാണെന്ന വിവരം യുവതിക്കോ കുടുംബത്തിനോ അറിവുണ്ടായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇവര്‍ക്ക് ചികിത്സാ സഹായം ആരും നല്‍കിയതായും അറിവില്ല’, അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദ്വീപ് കണ്ടെത്തിയത്. 3000ത്തില്‍ താഴെ മാത്രം ജനങ്ങളാണ് ഇവിടെ ജീവിക്കുന്നത്. 2001ല്‍ യുനെസ്കോയുടെ ലോക പൈതൃക ദ്വീപായി പ്രഖ്യാപിച്ച സ്ഥലത്ത് ജനസംഖ്യാ വര്‍ദ്ധനവ് കണക്കിലെടുത്താണ് പ്രസവം നിരോധിച്ചത്. മനോഹരമായ ദ്വീപുകളുളള സ്ഥലത്ത് ടൂറിസ്റ്റുകള്‍ ഏറെ എത്താറുണ്ട്.