ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി സർക്കാർ അധികാരത്തിലേറി ആദ്യ 16 മാസത്തിനുളളിൽ 3026 എൻകൗണ്ടറുകൾ നടത്തിയതായി കണക്ക്. ഇതിലൂടെ 78 പേരെയാണ് കൊലപ്പെടുത്തിയത്.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റത് 2017 മാർച്ച് 19 നാണ്. 2018 ജൂലൈ മാസം വരെയുളള കണക്കുകളിലാണ് ഇത്രയും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉളളത്. റിപ്പബ്ലിക് ദിനത്തിൽ സർക്കാരിന്റെ ഭരണനേട്ടമായി ഇത് അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ.

ഇതിന് പുറമെ യുപിയിൽ മാത്രം 7043 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുളളത്. കുറ്റകൃത്യങ്ങളെ തടയുന്നതിനായി സംസ്ഥാന വ്യാപകമായി ക്രിമിനലുകൾക്ക് വേണ്ടി നടത്തിയ തിരച്ചിൽ ഗുണം ചെയ്തെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെ ജില്ലാ കളക്ടർമാർക്ക് അയച്ച കത്തിൽ പറയുന്നു.

ആക്രമണങ്ങളിൽ 838 ക്രിമിനലുകൾക്ക് പരിക്കേറ്റെന്നും 11981 പേരുടെ ജാമ്യം റദ്ദാക്കപ്പെട്ടെന്നും സർക്കാർ പറയുന്നു.

ഈ കണക്കുകൾ പ്രകാരം ഒരു ദിവസം ആറ് എൻകൗണ്ടറുകളെങ്കിലും നടന്നിട്ടുണ്ട്. 14 ക്രിമിനലുകളെ ഒരു ദിവസം അറസ്റ്റ് ചെയ്തു. ആദ്യത്തെ ഒൻപത് മാസത്തിൽ ആകെ 17 ക്രിമിനലുകളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്.ശരാശരി 1.8 പേരെ ഒരു മാസം കൊലപ്പെടുത്തി.

എന്നാൽ പിന്നീടുളള ആറ് മാസം ഈ കണക്ക് കുത്തനെ ഉയർന്നു. പ്രതിമാസം 8.71 പേരെ കൊലപ്പെടുത്തിയെന്നാണ് പിന്നീടുളള കണക്ക്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ ആദ്യത്തെ ഒൻപത് മാസം കൊണ്ട് 17 ക്രിമിനലുകളെ വെടിവച്ച് കൊലപ്പെടുത്തിയതായി പറയുന്നുണ്ട്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ