scorecardresearch
Latest News

കന്നഡ ചിത്രം കാന്താര ബിജെപി നേതാക്കൾക്ക് പ്രിയപ്പെട്ടതായത് എങ്ങനെ?

ബിജെപി നേതാവും കർണാടക മന്ത്രിയുമായ ഡോ.സി.എൻ.അശ്വത്‌നാരായണനുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്

Kantara, movie, ie malayalam

ബെംഗളൂരു: കന്നഡ ഹിറ്റ് ചിത്രം ‘കാന്താര’യുടെ നിർമ്മാണ കമ്പനിക്ക് ബിജെപി മന്ത്രിയുമായി അടുത്ത ബന്ധം. ബിജെപി നേതാവും കർണാടക മന്ത്രിയുമായ ഡോ.സി.എൻ.അശ്വത്‌നാരായണനുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സിനിമയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ”സിനിമ നിർമ്മിച്ച (വിജയ് ടി.കിരഗണ്ടൂർ) എന്റെ കസിൻ ആണ്,” എന്നായിരുന്നു അശ്വത്‌നാരായണൻ പറഞ്ഞത്. എന്നാൽ സംസ്ഥാന മന്ത്രിയും കമ്പനിയും കിരഗണ്ടൂരും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാണെന്ന് ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച രേഖകൾ കാണിക്കുന്നു.

രണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കായി മുമ്പ് ഹോംബാലെ നേടിയ വായ്പകൾക്ക് അശ്വത്‌നാരായണൻ ബാങ്ക് ഗ്യാരന്ററായിരുന്നുവെന്നും കിരഗണ്ടൂർ നടത്തുന്ന സംരംഭങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) രേഖകൾ വ്യക്തമാക്കുന്നു.

കർണാടകയിലെ ഉന്നത വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി, സയൻസ് വകുപ്പുകളുടെ മന്ത്രിയാണ് അശ്വത്‌നാരായണൻ. 2019 മുതൽ 2021 വരെ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. ഹോംബാലെ ഫിലിംസ് നിർമ്മിച്ച സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ അദ്ദേഹം പലതവണ പങ്കെടുത്തിട്ടുണ്ട് – 2021 ൽ ഹൈദരാബാദിൽ നടന്ന ‘സലാർ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് മുതൽ 2022 മാർച്ചിൽ ‘കെജിഎഫ്-2’ ന്റെ ട്രെയിലർ റിലീസ് വരെ ഇക്കൂട്ടത്തിൽപെടും.

2008-2013 കാലയളവിൽ കർണാടകയിൽ ബിജെപി ഭരണകാലത്ത് സ്ഥാപിതമായതാണ് ഹോംബാലെ ഇൻഫ്രാസ്ട്രക്ചർ എന്നാണ് രേഖകൾ കാണിക്കുന്നത്. കമ്പനിയുടെ വരുമാനം 2011-2012ൽ 64 ലക്ഷം രൂപയിൽ നിന്ന് 2012-13ൽ 42 കോടി രൂപയായി വളർന്നു. 2013-14ൽ 49 കോടിയായും, 2014-15ൽ നിന്ന് 92 കോടി രൂപയുമായി.

വിജയ ബാങ്കിൽ നിന്ന് 2012-ൽ കമ്പനി നേടിയ 15 കോടി രൂപയുടെ ബാങ്ക് വായ്പയ്ക്ക് അശ്വത്‌നാരായണൻ ഗ്യാരൻറായിരുന്നുവെന്ന് രേഖകൾ കാണിക്കുന്നു.

ചിത്രത്തെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാർ

ഈ മാസം ബെഗളൂരുവിൽ നടന്ന കർണാടക സർക്കാരിന്റെ ആഗോള നിക്ഷേപക സംഗമത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു കന്നഡ ചിത്രമായ ‘കാന്താര’യ്ക്ക് ലഭിച്ച പ്രശംസ. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും പിയൂഷ് ഗോയലും ഉൾപ്പെടെയുള്ളവർ ചിത്രത്തെ പ്രശംസിച്ചു.

ആഗോള സംഗമത്തിന്റെ ഉദ്ഘാടന ദിനമായ നവംബർ 2ന്, കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തന്റെ പ്രസംഗത്തിൽ ചിത്രം പരാമർശിച്ചിരുന്നു.”15 കോടി ബഡ്ജറ്റിൽ എത്തിയ പടം ഏകദേശം അതിന്റെ 20 മടങ്ങ് വരുമാനം നേടിയതായി” അദ്ദേഹം പറഞ്ഞു. “കർണാടകയുടെ സംസ്കാരം കാണിക്കുന്ന ലോ ബഡ്ജറ്റ് പടമാണ് കാന്താര. വളരെ പുരോഗമനപരമായ നയങ്ങൾ ഉള്ള ഇന്ത്യയിലേയ്ക്കും സംസ്ഥാനങ്ങളിലേയ്ക്കും നിക്ഷേപകരും വ്യവസായങ്ങളും ആകർഷിക്കപ്പെടുന്നു” അദ്ദേഹം പറഞ്ഞു.

അന്ന് തന്നെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ‘കാന്താര’ കണ്ടതായി ട്വീറ്റ് ചെയ്തു. നടനായ റിഷബ് ഷെട്ടിയെ അഭിനന്ദിച്ച ട്വീറ്റിൽ തുളുവനാടിന്റെയും കരവാളിയുടെ സമ്പന്നമായ പാരമ്പര്യമാണ് ചിത്രത്തിൽ പകർത്തുന്നതെന്നും പറയുന്നു.

സെപ്റ്റംബർ 30 നാണ് കർണാടകയിൽ ‘കാന്താര’ റിലീസ് ചെയ്യുന്നത്. സിനിമ വൻഹിറ്റായതോടെ ഹിന്ദി അടക്കമുള്ള നിരവധി ഭാഷകളിൽ പരിഭാഷപ്പെടുത്തി റിലീസ് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Firm tied to bjp minister behind hit kannada film kantara